7ാം ക്ലാസിൽ പഠനം നിര്‍ത്തി, 10 വർഷം ബീഡിത്തൊഴിലാളി, പ്രവാസി, 62ാം വയസിൽ ബിരുദാനന്തരബിരുദം, ഷംസുക്ക ഹാപ്പിയാണ്!

കണ്ണൂർ: അറുപത്തിരണ്ടാം വയസിൽ എംഎ പാസായതിന്റെ സന്തോഷത്തിലാണ് കണ്ണൂർ ആദികടലായി സ്വദേശി ഷംസുദീൻ. ജീവിതപ്രാരാബ്ധങ്ങൾ കാരണം ഏഴാം ക്ലാസിൽ പഠിപ്പവസാനിപ്പിച്ച് ഓട്ടോ ഡ്രൈവറാവുകയായിരുന്നു ഷംസു. എന്നാൽ ഇപ്പോൾ ലക്ഷ്യബോധത്തോടെയാണ് ഷംസുദ്ദീന്റെ ഓട്ടോ സവാരി. ”ഏഴാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി ബീഡിപ്പണിക്കാണ് പോയത്. 2021ലാണ് പിജിക്ക് ചേര്‍ന്നത്. ഫസ്റ്റ് ക്ലാസിലും ഫസ്റ്റ് ചാന്‍സിലും പൂര്‍ത്തിയാക്കി. ഭയങ്കര സന്തോഷമായി. ഇതൊക്കെ അറിഞ്ഞപ്പോ വെച്ച ഫ്ലക്സാണിത്.” തന്‍റെ പേരുള്ള ഫ്ലക്സ് ചൂണ്ടിക്കാട്ടി ഷംസുക്ക പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് സഡൺ ബ്രേക്കിട്ട മോഹങ്ങളെയൊക്കെ ഷംസുക്ക റീസ്റ്റാർട്ട് ചെയ്യുകയാണീ അറുപത്തിരണ്ടാം വയസിൽ. ”പത്ത് വര്‍ഷം ദിനേശ് ബീഡിയില്‍ ജോലി ചെയ്തു. അതിന് ശേഷം കല്യാണം കഴിച്ചു. കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായപ്പോഴാണ് ഗള്‍ഫിലേക്ക് പോകാന്‍ അവസരം കിട്ടിയത്. അങ്ങനെ ഗള്‍ഫിലേക്ക് പോയി.” ഗൾഫ് കാലം കഴിഞ്ഞ് വന്നീ കാക്കിയിട്ടു. പാതിക്ക് പഠിപ്പ് നിന്ന സ്കൂളിന് മുന്നിലെ ഓട്ടോ സ്റ്റാന്റിലായി ശിഷ്ടകാലം. എങ്കിലും ഉള്ളിലുണ്ടായിരുന്നു ബിരുദവും ബിരുദാനന്തരബിരുദവും.
”പൗലോ കൊയ്ലോ പറഞ്ഞത് പോലെ നമ്മളെന്ത് ആഗ്രഹിച്ചാലും ആത്മാർത്ഥമായിട്ട് പ്രവർത്തിച്ചാൽ നേടാൻ പറ്റും. സാക്ഷരതാ മിഷന്റെ തുല്യത കോഴ്സിന് പത്താം ക്ലാസിൽ ചേരാൻ അവസരം കിട്ടി. പത്താം ക്ലാസ് ഈസിയായി ജയിച്ചപ്പോ പിന്നെ പ്ലസ് ടൂവിന് പോകാമെന്ന് ആത്മവിശ്വാസം വന്നു.” പിന്നെ 2018 ൽ കണ്ണൂർ സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസം വഴി ബിരുദം. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എം എ മലയാളം. കൂട്ടത്തിൽ വരുമാനത്തിനായുള്ള ഓട്ടവും.
”കുടുംബത്തിന് വേണ്ടിയുളള വരുമാനം ഓട്ടോയിൽ നിന്ന് കിട്ടും. അതിൽ നിന്നുള്ള പൈസ മാറ്റിവെച്ച് കോളേജിലേക്ക് ഫീസടക്കും. പുസ്തകം വാങ്ങും. പുസ്തകം എപ്പോഴും വണ്ടിയിൽ വെക്കും. ക്ലാസെടുക്കുന്ന ടെക്സ്റ്റ് എടുത്ത് സമയമുള്ളപ്പോഴൊക്കെ വായിക്കും. ഇനി യുജിസി നെറ്റ് എഴുതണം. അധ്യാപകനാകണമെന്ന് ആഗ്രഹമുണ്ട്. പാരലൽ കോളേജ് പോലെ എവിടെയെങ്കിലും കിട്ടിയാൽ നമ്മള് പഠിച്ചതൊക്കെ ആർക്കെങ്കിലും പറഞ്ഞു കൊടുക്കുക എന്നുള്ളത് സന്തോഷമുള്ള കാര്യമല്ലേ?” അങ്ങനെ ഷംസുക്കയുടെ പുതിയ പാഠങ്ങളുടെ യാത്രയിനിയും തുടരും.