Uncategorized

മകൻ ലഹരി കേസിൽ അറസ്റ്റിലായതിൽ തനിക്കും ഉത്തരവാദിത്തം; വിഷ്ണുപുരം ചന്ദ്രശേഖരൻ, ഇനി ലഹരി ഉപയോ​ഗിക്കില്ലെന്ന് മകൻ

തിരുവനന്തപുരം: മകൻ ലഹരി കേസിൽ അറസ്റ്റിൽ ആയതിൽ തനിക്കും ഉത്തരവാദിത്തം ഉണ്ടെന്ന് എൻഡിഎ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ. തെറ്റ് മകൻ തിരിച്ചറിഞ്ഞുവെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. സംഭവത്തിൽ ദു:ഖമുണ്ട്. ഇന്ന് മകനുമായി രണ്ടു മണിക്കൂറിലേറെ സമയം ഞാൻ സംസാരിച്ചു. അവൻ്റെ കൂട്ടുകാർ ഒരുപാട് പേർ ലഹരിക്ക് അടിമയായിരിക്കുകയാണ്. എൻ്റെ മകനും അതിലുൾപ്പെട്ടു. അത് എൻ്റെ കൂടെ തെറ്റാണെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.

കൂട്ടുകെട്ടുകൾ ശ്രദ്ധിക്കാതെ പോയതാണ് ലഹരി ഉപയോഗത്തിന് കാരണമായതെന്ന് മകൻ ശിവജി പറഞ്ഞു. ഇനി ഒരിക്കലും ലഹരി ഉപയോഗിക്കില്ല. ഇന്ന് രാവിലെ അച്ഛനോട് എല്ലാം തുറന്നുപറഞ്ഞു. എല്ലാ സഹായവും ചെയ്തു തരാമെന്ന് അച്ഛൻ പറഞ്ഞു. എൻ്റെ ഭാ​ഗത്തുനിന്ന് ഇങ്ങനെയൊരു തെറ്റ് സംഭവിക്കില്ലെന്ന് അച്ഛന് വാക്കുകൊടുത്തു. ഇനി ലഹരി ഉപയോ​ഗിക്കില്ലെന്നും ശിവജി പറഞ്ഞു. വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകൻ ശിവജി അടക്കം മൂന്ന് പേരാണ് ഇന്നലെ രാത്രി എംഡിഎംഎയുമായി പിടിയിലായത്.

നെയ്യാറ്റിൻകര തിരുപുറത്താണ് സംഭവം. പെരുമ്പഴുതൂർ സ്വദേശി ശിവജി, തൃശ്ശൂർ സ്വദേശി ഫവാസ്, കഴക്കൂട്ടം സ്വദേശിനീ സൗമ്യ എന്നിവരെ പൂവാർ പൊലീസാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 110 മില്ലിഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എംഡിഎംഎ വലിക്കാൻ ഉപയോഗിക്കുന്ന രണ്ട് ഗ്ലാസ്‌ ട്യൂബും പിടിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയിൽ പൊലിസ് പട്രോളിങ്ങിന് ഇടയിൽ റോഡിൽ സംശയാസ്പദമായി കാർ കിടക്കുന്നത് കണ്ട് തെരച്ചിൽ നടത്തുകയായിരുന്നു. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ശിവജി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button