കേരളത്തിനായി മൂന്ന് ലക്ഷം കോടിയുടെ 31 പദ്ധതികൾ പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

കൊച്ചി: സംസ്ഥാനത്തെ റോഡ് വികസനമുൾപ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി മൂന്ന് ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിനായി മന്ത്രി 896 കിലോമീറ്റർ ദൈർഘ്യമുളള 31 പദ്ധതികൾ പ്രഖ്യാപിച്ചു. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരള ആഗോള നിക്ഷേപ ഉച്ചകോടിയിലാണ് നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം.
പാലക്കാട് – മലപ്പുറം ബൈപ്പാസിന് 10,000 കോടി പ്രഖ്യാപിച്ചു, തിരുവനന്തപുരം ഔട്ടർ റോഡിന് 5000 കോടി, അങ്കമാലി ബൈപ്പാസിന് 6500 കോടിയും പ്രഖ്യാപിച്ചു. ടൂറിസമാണ് കേരളത്തിന്റെ ഹൃദയം. ആയുർവേദമുൾപ്പെടെയുളള മേഖലകൾ സമ്പന്നമായതിനാൽ വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ നിരവധിയാളുകളാണ് ഇവിടേക്ക് എത്തുന്നത്. ഈ സാധ്യതകൾ വിപുലപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ടൂറിസം വികസനത്തിന് റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം കേരളത്തിലൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച പിന്തുണ നല്‍കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.