രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന് ബാറ്റിംഗ് തകർച്ച; പ്രതീക്ഷയായി വീണ്ടും ജലജ് സക്സേന

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. അഞ്ചാം ദിനം രണ്ട് റണ്‍സിന്‍റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 93 റൺസെന്ന നിലയിലാണ്. 8 റണ്‍സുമായി അഹമ്മദ് ഇമ്രാനും 23 റണ്‍സുമായി ജലജ് സക്സേനയും ക്രീസില്‍. ആറ് വിക്കറ്റ് ശേഷിക്കെ അവസാന ദിനം 28 ഓവറുകള്‍ കൂടി കേരളത്തിന് ഇനി കേരളത്തിന് അതിജീവിക്കണം.
നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഫൈനലുറപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 30 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. പന്ത്രണ്ടാം ഓവറില്‍ അക്ഷയ് ചന്ദ്രനെ(9) വീഴ്ത്തിയ സിദ്ധാര്‍ത്ഥ് ദേശായിയാണ് കേരളത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്.
പിന്നാലെ വരുണ്‍ നായനാരെ(1) മനന്‍ ഹിംഗ്രാജിയ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കേരളം ഞെട്ടി. എന്നാല്‍ ജലജ് സക്സേനയും രോഹനും ചേര്‍ന്ന് കേരളത്തെ 50 കടത്തി. 69 പന്തില്‍ 32 റണ്‍സെടുത്ത രോഹനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സിദ്ധാര്‍ത്ഥ് ദേശായി കേരളത്തിന് വീണ്ടും പ്രഹരമേല്‍പ്പിച്ചു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കും ക്രീസില്‍ അധികം ആയുസുണ്ടായില്ല.
19 പന്തില്‍ 10 റണ്‍സെടുത്ത സച്ചിന്‍ ബേബിയെ ഹിംഗ്രാജിയ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കേരളം 81-4 എന്ന സ്കോറില്‍ പതറി. 66 പന്ത് നേരിട്ട ജലജ് സക്സേന 23 റണ്‍സുമായും 25 പന്ത് നേരിട്ട അഹമ്മദ് ഇമ്രാന്‍ അഞ്ച് റണ്‍സുമായും ക്രീസിലുണ്ട്. ഫീല്‍ഡിംഗിനിടെ തലക്ക് പന്തുകൊണ്ട് പരിക്കേറ്റ സല്‍മാൻ നിസാറിന് ബാറ്റിംഗിനിറങ്ങാനാവുമോ എന്ന കാര്യം സംശയത്തിലാണ്.
നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയിൽ അവസാന ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന്‍റെ 2 വിക്കറ്റുകള്‍ കൂടി തുടക്കത്തിലെ വീഴ്ത്തി കേരളം 449-9 എന്ന സ്കോറിലേക്ക് ആതിഥേയരെ തള്ളിയിട്ടിരുന്നു. പക്ഷെ അവസാന വിക്കറ്റില്‍ പ്രിയാജിത് സിംഗ് ജഡേജയും അര്‍സാന്‍ നാഗ്വസ്വാലയും ചേര്‍ന്ന് പ്രതിരോധകോട്ട കെട്ടി കേരളത്തിന്‍റെ നെഞ്ചിടിപ്പേറ്റി. ഒടുവില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി വെറും 3 റണ്‍സ് മാത്രം മതിയെന്ന ഘട്ടത്തില്‍ നാഗ്വസ്വാലക്ക് അടിതെറ്റി.