വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുത്; ശബരിമല തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്
പമ്പ: ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ യാത്രമധ്യേ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ യാതൊരു കാരണവശാലും നൽകാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ ഇത് ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ ചില മൃഗങ്ങൾ ആക്രമണകാരികളാകാൻ സാധ്യതയുണ്ട്.
അതുപോലെ ഭക്ഷണ അവശിഷ്ടങ്ങളും പൊതികളും അലക്ഷ്യമായിവലിച്ചെറിയാൻ പാടില്ല. പ്ലാസിറ്റിക് കവറുകൾ മൃഗങ്ങൾ ഭക്ഷിക്കാൻ ഇടയായാൽ അവ മരണപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഭക്ഷണാവശിഷ്ടങ്ങൾ വേസ്റ്റ് ബിന്നുകളിൽതന്നെ നിക്ഷേപിക്കണമെന്നും വനംവകുപ്പ് അധികൃതർ അഭ്യർത്ഥിച്ചു.
പരാതിയുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിളിക്കാം
ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന തീർത്ഥാടകർക്ക് പരാതിയുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് വിളിക്കാം. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിവിധ സ്ക്വാഡുകളെയാണ് വകുപ്പ് രാഗത്തിറക്കിയിരിക്കുന്നത്. മൂന്ന് പേരടങ്ങുന്ന നാലു ടീമുകളാണ് ഓരോ മേഖലയിലുമുള്ളത്. സന്നിധാനം 7593861767, പമ്പ 8592999666 , നിലയ്ക്കൽ 7593861768 എന്നിവയ്ക്ക് പുറമെ ടോൾ ഫ്രീ 18004251125 നമ്പറും സജ്ജീകരിച്ചിട്ടുണ്ട്.
ഒരു മേഖലയിൽ മാത്രം ദിവസേന കുറഞ്ഞത് ഇരുപത് പരിശോധനകൾവരെ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തുന്നുണ്ട്. സന്നിധാനത്ത് പ്രവർത്തിക്കുന്ന കടകളിൽ ഭക്ഷണം പാചകം ചെയ്ത് തുറസായ രീതിയിൽ പ്രദശിപ്പിക്കുന്ന പ്രവണതയുണ്ട് . ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.