Uncategorized

റഷ്യൻ മദ്യ കമ്പനിയുടെ ബിയർ ക്യാനിൽ ഗാന്ധിജിയുടെ പേരും ചിത്രവും; റഷ്യൻ പ്രസിഡന്‍റിന് കത്തയച്ച് ഗാന്ധി ഫൗണ്ടേഷൻ

കോട്ടയം: റഷ്യൻ മദ്യ കമ്പനിയുടെ ബിയർ ക്യാനിൽ മഹാത്മഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ചതിനെതിരെ പരാതിയുമായി കോട്ടയത്തെ മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ. മദ്യകമ്പനിയുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന, റഷ്യൻ പ്രസിഡന്‍റിനും ഇന്ത്യൻ പ്രസിഡന്‍റിനും കത്തയച്ചു. ദേശീയ തലത്തിൽ തന്നെ റഷ്യൻ കമ്പനിയുടെ നടപടിക്കെതിരെ വലിയ വിവാദമാണ് ഉയരുന്നത്. റഷ്യൻ മദ്യ കമ്പനിയായ റിവോർട്ട് ബ്രൂവറിയാണ് മഹാത്മാഗാന്ധിയുടെ പേരും ചിത്രവും ഒപ്പും പതിപ്പിച്ച് ബിയ‌ർ പുറത്തിറക്കിയത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ റഷ്യൻ കമ്പനിയുടെ നടപടി ചർച്ചയാവുകയാണ്. ഒഡീഷ മുൻ മുഖ്യമന്ത്രി നന്ദിനി സത്പ്തിയുടെ ചെറുമകൻ സുപർണോ സത്പ്തി എകസിൽ ബിയർ ക്യാനുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ നിരവധി ആളുകൾ പ്രതിഷേധവുമായെത്തി. ഇതിനുപിന്നാലെയാണ് പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ പരാതിയുമായി രംഗത്തെത്തിയത്.

ജീവിതത്തിലുടെനീളം മദ്യവിരുദ്ധ നിലപാടുകൾ സ്വീകരിച്ച് മഹാത്മാഗാന്ധിയെ അവഹേളിക്കുന്നതാണ് റഷ്യൻ സമീപനമെന്നാണ് വിമർശനം. റഷ്യൻ എംബസിക്കും പരാതി അയച്ചിട്ടുണ്ട്. കേന്ദ്ര സ‍ർക്കാർ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നാണ് മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെടുന്നത്. അന്താരാഷ്ട്രാതലത്തിൽ പ്രമുഖരായവരോടുള്ള ആദരവിന്‍റെ ഭാഗമായാണ് റഷ്യൻ മദ്യ കമ്പനി ബിയർ ക്യാനുകളിൽ ഇങ്ങനെ പേരും ചിത്രങ്ങളും പതിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button