പണി തീരാത്ത പാലത്തിൽ നിന്ന് കാർ പുഴയിലേക്ക് വീണ് മൂന്ന് യുവാക്കളുടെ മരണം; ഗൂഗിൾ മാപ്സിനെതിരെ അന്വേഷണം
ദില്ലി: നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ ഗൂഗിൾ മാപ്സിനെതിരെ അന്വേഷണം. ഗൂഗിൾ മാപ്സ് നോക്കിയാണ് യുവാക്കൾ യാത്ര ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഗൂഗിൾ മാപ്സിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യംചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
“ഞങ്ങളുടെ അഗാധമായ ദുഃഖം കുടുംബങ്ങളെ അറിയിക്കുന്നു. അന്വേഷണവുമായി സഹകരിക്കും. പൂർണ പിന്തുണ നൽകും”- ഗൂഗിൾ വക്താവ് എഎഫ്പിയോട് പ്രതികരിച്ചു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ അപകടമുണ്ടായത്.
ഫറൂഖാബാദിൽ നിന്നുള്ള മൂന്ന് യുവാക്കൾ ശനിയാഴ്ച രാത്രി ബദൗണിലെ ഡാറ്റാഗഞ്ചിൽ നിന്ന് ഫരീദ്പൂരിലേക്ക് കാറിൽ പോവുകയായിരുന്നു. രാംഗംഗ നദിക്ക് കുറുകെയുള്ള പാലത്തിലേക്ക് കയറിയ കാർ നദിയിലേക്ക് പതിച്ചു. പ്രളയത്തിൽ തകർന്ന പാലത്തിന്റെ നിർമാണം പാതിവഴിയിലായിരുന്നു. ഒരു വശത്ത് അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടില്ല. 50 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്. അമിത് കുമാർ, സഹോദരൻ വിവേക് കുമാർ, സുഹൃത്ത് കൗശൽ എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പണി തീരാത്ത പാലം അടച്ചിട്ടിരുന്നെങ്കിൽ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്ന് കുടുംബം പറയുന്നു. ശനിയാഴ്ച രാത്രി നടന്ന അപകടം ആരുമറിഞ്ഞില്ല. ഞായറാഴ്ച പുലർച്ചെ മാത്രമാണ് അപകടം നാട്ടുകാർ അറിഞ്ഞത്.