Uncategorized

‘കൊടിമരത്തിൽ കയറിയത് കൂട്ടുകാരന് തടി കൂടുതലായതിനാൽ’: കയറാൻ പറഞ്ഞത് അധ്യാപകരെന്ന് നെയ്യാറ്റിൻകരയിലെ വിദ്യാർത്ഥി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊടിമരത്തിൽ കയറ്റിയ സംഭവത്തിൽ പ്രതികരിച്ച് പ്ലസ് ടു വിദ്യാർത്ഥി. തന്റെ കൂട്ടുകാരനോടാണ് അധ്യാപകർ ആദ്യം കൊടിമരത്തിൽ കയറാൻ പറഞ്ഞതെന്നും എന്നാൽ കൂട്ടുകാരന് തടി കൂടുതൽ കാരണം താൻ കയറുകയായിരുന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു. എൻഎസ്എസ് ക്യാമ്പിൻ്റെ ഭാഗമായി ഫയർ ആൻ്റ് സേഫ്റ്റിയിലും ട്രക്കിംഗിലും പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് പേടി തോന്നിയില്ലെന്നും വിദ്യാർത്ഥി പറഞ്ഞു. 30 അടി ഉയരമുള്ള കൊടിമരമായിട്ടും അധ്യാപകർ ആരും താൻ കയറുന്നത് തടഞ്ഞില്ലെന്നും വിദ്യാർഥി പറഞ്ഞു.

കലോത്സവത്തിൻ്റെ ഭാഗമായുള്ള പതാക ഉയർത്തൽ ചടങ്ങിനിടെ വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയതിലാണ് പ്രതിഷേധം ഉയരുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയത്. നെയ്യാറ്റിൻകര എംഎൽഎ കെ അൻസലാണ് പതാക ഉയർത്താനായി എത്തിയിരുന്നത്. കൊടിമരത്തിലെ കയർ കുരുങ്ങിയതിന് പിന്നാലെ പ്ലസ് ടു വിദ്യാർത്ഥിയെ കയർ ശരിയാക്കാനായി കൊടിമരത്തിൽ കയറ്റുകയായിരുന്നു. അപകടാവസ്ഥയിലുള്ള കൊടിമരത്തിലേക്കാണ് ജീവൻ പണയം വച്ച് വിദ്യാർത്ഥി കയറുന്നത്. കലോത്സവം സംഘാടകരും എംഎൽഎയും നോക്കി നിൽക്കെയാണ് വിദ്യാർത്ഥി കൊടിമരത്തിൽ കയറിയതെങ്കിലും ആരും തടഞ്ഞിരുന്നില്ല. ഈ വസ്തുതകളാണ് കൊടിമരത്തിൽ കയറിയ വിദ്യാർത്ഥിയും ശരിവെക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button