Uncategorized

ജിതിന്‍റേത് രാഷ്ട്രീയ കൊലപാതകം തന്നെ, ആവർത്തിച്ച് സിപിഎം; പ്രതികൾ ആർഎസ്എസ് പ്രവർത്തകരെന്ന് രാജു എബ്രഹാം

പത്തനംതിട്ട: പെരുനാട് സിഐടിയു പ്രവർത്തകൻ ജിതിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് ആവർത്തിച്ച് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ഉത്തരവാദികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരാണ്, കൊടും ക്രിമിനലുകളാണ് പ്രതികളെല്ലാമെന്ന് രാജു എബ്രഹാം പ്രതികരിച്ചു. പ്രതികളിൽ രണ്ടുപേർ കുറച്ചുകാലം ഡിവൈഎഫ്ഐയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ ക്രിമിനൽ പശ്ചാത്തലം മനസ്സിലായപ്പോൾ പാർട്ടിയിൽ നിന്ന് അവരെ ഒഴിവാക്കിയെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. പെരുനാട് സിഐടിയു പ്രവർത്തകൻ ജിതിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പ്രതിയായ നിഖിലേഷിന്‍റെ അമ്മ മിനി പറഞ്ഞിരുന്നു. പ്രതികളിൽ ഒരാളായ നിഖിലേഷ് സിഐടിയു പ്രവർത്തകനാണെന്ന് മിനി പറഞ്ഞു. എന്നാൽ രണ്ടാം പ്രതി നിഖിലേഷ് സിഐടിയു പ്രവർത്തകൻ ആണെന്ന അമ്മയുടെ നിലപാട് സിപിഎം തള്ളി. സാമൂഹ്യവിരുദ്ധനാണ് നിഖിലേഷെന്ന് രാജു എബ്രഹാം പറഞ്ഞു. രാഷ്ട്രീയ കൊലപാതകം അല്ലെന്ന പൊലീസ് നിലപാടും സിപിഎം തള്ളി.

പ്രകടനത്തിനിടെ സംഘർഷം ഉണ്ടായാൽ മാത്രമേ രാഷ്ട്രീയ കൊലപാതകം എന്ന് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തുകയൊള്ളു എന്നാണ് രാജു എബ്രഹാം പറയുന്നത്. പെരുനാട്ടിലെ ബിജെപി-ആർഎസ്എസ് പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്നത് പ്രതി വിഷ്ണുവാണ്. ഇയാൾ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലാണ്. നിരവധി കേസുകളിൽ വിഷ്ണു പ്രതിയാണെന്നും രാജു എബ്രഹാം വ്യക്തമാക്കി. രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിന്‍റെ കൊലപാതകത്തിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് പ്രതികൾ. അക്രമണം നടന്ന് ഒരു ദിവസം തികയും മുമ്പ് എട്ട് പ്രതികളെയും പിടികൂടിയിരുന്നു. 3 പേർ ജില്ലയിൽ തന്നെയുണ്ടായിരുന്നു. 5 പ്രതികളെ ആലപ്പുഴയിൽ നിന്ന് പിടികൂടി. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button