കൊടുമുടി കീഴടക്കി ഹൃദയസരസ് കാണാം; കാഴ്ചകളുടെ പറുദീസയൊരുക്കി ചെമ്പ്ര പീക്ക്

കേരളത്തിൽ നിന്ന് മാത്രമല്ല അന്യ സംസ്ഥാനങ്ങളിൽ നിന്ന് പോലും ധാരാളം ടൂറിസ്‌റ്റുകൾ എത്തുന്ന ഒരു ജില്ലയാണ് വയനാട്. ഇവിടുത്തെ സവിശേഷമായ ഭൂപ്രകൃതിയും രൂപ ഭംഗിയുമൊക്കെയാണ് ഇതിന് കാരണം. അത്തരത്തിൽ ഏത് സീസണിലും വയനാട്ടിൽ ഏറ്റവും കൂടുതൽ പേർ എത്തുന്ന ഒരു സ്പോട്ടാണ് ചെമ്പ്ര പീക്ക്. വയനാടിന്റെ നെറുകയിൽ സ്ഥിതി ചെയ്യുന്ന ചെമ്പ്ര പീക്ക് ഒരുക്കുന്ന ദൃശ്യ വിരുന്ന് കേരളത്തിൽ തന്നെ മറ്റെങ്ങും കണ്ടെത്താൻ കഴിയാത്ത ഒന്നാണ്. മുകളിൽ എത്തിയാൽ വയനാട് ജില്ല പൂർണമായി കാണാം.
വയനാട് ജില്ലയിലെ കൽപ്പറ്റിയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണിത്. ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയാണിത്. എല്ലാ വർഷവും ഇവിടുത്തെ ഭംഗി ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. മേപ്പാടി പട്ടണത്തിന് അടുത്താണ് ഈ കൊടുമുടി. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ചെമ്പ്ര. പ്രകൃതി സ്‌നേഹികളുടെയും സാഹസിക മലകയറ്റക്കാരുടെയും ഇഷ്ട പ്രദേശമാണിവിടം എന്ന് തന്നെ പറയാം.
വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കാനുള്ള സൗകര്യം വനം വകുപ്പ് തന്നെ ഒരുക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ ഗൈയ്ഡുകൾക്കൊപ്പം മാത്രമേ മലകയറ്റം അനുവദിക്കുകയുള്ളു. ചെമ്പ്ര പീക്കിന് മുകളിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന അറിയപ്പെടുന്ന ഈ തടാകം കണ്ണിന് കുളിർമ്മയേകുന്ന ഒരു കാഴ്ച തന്നെയാണ്. ഈ തടാകം ഒരിക്കലും വറ്റുകയില്ലെന്നാണ് വിശ്വാസം. ചെമ്പ്ര പീക്കിന്റെ മധ്യത്തായി ഈ തടാകം കാണാം. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളുമുണ്ട്.
ചെമ്പ്ര പീക്ക് വരെ ട്രക്കിംഗ് ചെയ്യണമെങ്കിൽ മേപ്പാടി ഫോറസ്റ്റ് ഓഫീസിൽനിന്നും അനുമതി നേടണം. തടാകത്തിൽ എത്തിയതിനുശേഷം ഒന്ന് – രണ്ട് കിലോമീറ്റർ കൊടും വനത്തിലൂടെ വേണം യാത്ര ചെയ്യാൻ. മേപ്പാടി ടൗണിൽ നിന്നും എരുമക്കൊള്ളിയിലെ തേയില തോട്ടങ്ങൾക്കിടയിലൂടെ 5 കിലോമീറ്റർ യാത്ര അനിവാര്യമാണ്. ചെമ്പ്ര പീക്കിന്റെ മുകളിലേക്കുള്ള ട്രക്കിംഗ് 3 മണിക്കൂർ നേരമുണ്ട്. രാവിലെ ഏഴ് മുതല് ഉച്ചയ്ക്ക് ഏഴ് വരെയാണ് ട്രെക്കിങ്ങിനുള്ള സമയം. മഴയുള്ള സമയത്ത് ട്രെക്കിംഗ് ബുദ്ധിമുട്ടായിരിക്കും.
എങ്ങനെ എത്തിച്ചേരാം
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കോഴിക്കോട്, 79 കി.മീ.
അടുത്തുള്ള വിമാനത്താവളം: കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, 92 കി.മീ.