Uncategorized
തലയോട്ടിയിൽ പൊട്ടൽ, സജിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതം; സോണിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്

ആലപ്പുഴ: ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തിൽ ഭര്‍ത്താവ് സോണിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. കസ്റ്റഡിയിലുള്ള സോണിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സജിയുടെ തലയ്ക്ക് പിന്നിൽ ചതവും തലയോട്ടിയിൽ പൊട്ടലുമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ഇന്നലെയാണ് കല്ലറ തുറന്ന് സജിയുടെ മൃതദേഹം പുറത്തെടുത്തത്. ഇന്ന് ഉച്ചയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. പരിക്കേറ്റ് തലയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി ഒരു മാസത്തോളം ചികിത്സയിലിരുന്ന ശേഷമാണ് സജി മരിക്കുന്നത്. അതുകൊണ്ട് തന്നെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. ഒരാഴ്ചയ്ക്കകം ഇത്പോലീസിന് ലഭിക്കും. പോസ്റ്റ്മോർട്ടം നടത്തിയ ഫോറെൻസിക് സർജന്റെ മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.