Uncategorized

നാട്ടിൽ ഇഷ്ടം പോലെ തേൻകൂടുകൾ, ലക്ഷങ്ങൾ പോയി കൃഷിവരെ ഉപേക്ഷിച്ചു, ക്ഷേത്രം നോട്ടമിട്ടതോടെ ‘ഭീകരൻ’ കുടുങ്ങി

മലപ്പുറം: ഒന്നര വർഷത്തോളം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ കരടി ഒടുവിൽ കൂട്ടിലായതോടെ ആശ്വാസത്തിലാണ് നാട്ടുകാർ. പൂക്കോട്ടുംപാടം അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട, ഒളർവട്ടം, കൊമ്പൻക്കല്ല്, ടി.കെ കോളനി, പൊട്ടിക്കല്ല് ഭാഗങ്ങളിൽ വിലസിയിരുന്ന കരടി കഴിഞ്ഞ ദിവസമാണ് കെണിയിൽ കുടുടുങ്ങിയത്. മലയോര മേഖലയിലെ പ്രധാനകൃഷിയായ റബറിനിടയിൽ ഒട്ടുമിക്ക കർഷകരും ചെയ്യുന്ന കൃഷിയാണ് തേൻ. തേൻ തേടിയാണ് ആദ്യം കരടി ജനവാസ മേഖലയിലെത്തിയത്. അധികം പണിപ്പെടാതെ തേൻ കിട്ടി ശീലമായതോടെ നാട്ടിൽവന്ന് കൂടിയ കരടി കാട്ടിലേക്ക് മടങ്ങാതെയായി.

ഒട്ടനവധി കർഷകരുടേതായി ആയിരക്കണക്കിന് തേൻപ്പെട്ടികളാണ് കരടി ഈ സമയത്തിനുള്ളിൽ നശിപ്പിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതിന് പുറമെ ഈ മേഖലയിലെ ജനങ്ങളുടെ ജീവന് തന്നെ കരടി ഭീഷണിയായി മാറി. സന്ധ്യആവുന്നതോടെ കരടി തേനിനായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലേക്കിറങ്ങും. വീടുകൾക്കിടയിലൂടെ സഞ്ചരിക്കും. സന്ധ്യ മയങ്ങിയാൽ പിന്നെ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാതെയായി. രാത്രിയിൽ ബൈക്ക് യാത്രികർക്ക് പോലും രക്ഷയില്ലാത്ത അവസ്ഥവന്നു. നിരവധിയാളുകൾ കരടിക്ക് മുന്നിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട സംഭവങ്ങൾ വരെയുണ്ടായി.

ഇതോടെ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമുയർന്നു. ഒടുവിൽ സംസ്ഥാന വനം മേധാവിയുടെ അനുമതിയോടെ രണ്ടിടങ്ങളിലായി തേനടക്കം വച്ച് കെണി സ്ഥാപിച്ചു. എന്നാൽ അന്ന് നാട്ടിൽനിന്ന് അപ്രത്യക്ഷമായ കരടി ഏതാനും ആഴ്ചകൾക്ക് മുമ്പ് വീണ്ടും പ്രത്യക്ഷപ്പെടുകയായി രുന്നു. കരടി ശല്യത്താൽ കർഷകരെല്ലാം തേൻ കൃഷി ഉപേക്ഷിച്ചിരുന്നു. മടങ്ങിയെത്തിയ കരടിക്ക് തേൻ കിട്ടാതെയായി. എന്നാൽ മടങ്ങി പോവാൻ തയാറാകാത്ത കരടി തേൾപ്പാറ, പുഞ്ച,
കൊമ്പൻക്കല്ല് എന്നിവിടങ്ങളിലെ അമ്പലങ്ങൾ ലക്ഷ്യമായി എത്തി. അമ്പലത്തിനുള്ളിൽ സൂക്ഷിച്ച നെയ്യ്, എണ്ണ എന്നിവ ഭക്ഷണമാക്കാൻ തുടങ്ങി. ഇതിനായി സമീപ പ്രദേശങ്ങളിലെ പല അമ്പലങ്ങളിലും കരടിയെത്താൻ തുടങ്ങി.

ഇതോടെ ജനങ്ങൾ വീണ്ടും ഭീതിയിലായി. മുമ്പ് പ്രദേശത്തെത്തിച്ചിരുന്ന കൂട് ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചു. നെയ്യും എണ്ണയും കെണിയാക്കി വച്ചു. ഇപ്രാവശ്യം ഊഹം തെറ്റിയില്ല, നെയ്യിനും എണ്ണക്കുമായെത്തിയ കരടി കെണിയിൽ വീണു. ഒന്നര വർഷത്തോളം ഒരു ഗ്രാമത്തെ ജനങ്ങളെ ആശങ്കയുടെയും ഭീതിയുടെയും മുൾ മുനയിൽ നിർത്തിയ കരടി കൂട്ടിലായതോടെ നാട്ടുകാർ ഏറെ ആശ്വാസത്തിലാണ്. പിടികൂടിയ കരടിയെ കരുളായി ഉൾവനത്തിലെ കരിമ്പുഴ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button