ചരിത്രത്തിലാദ്യം; നിമിഷ നേരം കൊണ്ട് തീയണയ്‌ക്കും; മഹാ കുംഭമേളയ്‌ക്ക് റോബോട്ടിക് അഗ്നിരക്ഷാ പ്രവർത്തകർ
ലക്നൗ: ലോകത്തിലെതന്നെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ മഹാകുംഭമേളയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ഇത്തവണ റോബോട്ടുകളും. അഗ്നിസുരക്ഷ ഉറപ്പുവരുത്തുന്നതിനായി സജ്ജമാക്കിയിരിക്കുന്ന റോബോട്ടുകൾക്കൊപ്പം പ്രത്യേക പരിശീലനം ലഭിച്ച 200 ഫയർ കമാൻഡോകളെയും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ വിന്യസിച്ചിട്ടുണ്ട്.
20-25 കിലോഗ്രാം ഭാരമുള്ള മൂന്ന് റോബോട്ടിക് ഫയർ ടെൻഡറുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥർക്ക് എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ ഇവയ്ക്ക് പ്രവേശിക്കാനാകും. പടികൾ കയറാനും കൃത്യതയോടെ തീകെടുത്താനും റോബോട്ടുകൾ സഹായിക്കുമെന്ന് അഗ്നിശമന സേനയുടെ അഡീഷണൽ ഡയറക്ടർ ജനറൽ പത്മജ ചൗഹാൻ പറഞ്ഞു. വേഗത്തിലും സുരക്ഷിതമായും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇവയ്ക്ക് കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
35 മീറ്റർ ഉയരത്തിൽ നിന്ന് വെള്ളം തളിക്കാൻ കഴിവുള്ള ആർട്ടിക്യുലേറ്റിംഗ് വാട്ടർ ടവറും 2025 ലെ മഹാകുംഭമേളയിൽ അവതരിപ്പിക്കുന്നുണ്ട്. തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങൾ മുകളിൽ നിന്ന് നിരീക്ഷിക്കാൻ ടവറിൽ ഹൈടെക് ക്യാമറ സജ്ജീകരിക്കും. NDRF, SDRF എന്നിവയുടെ മാതൃകയിൽ പ്രത്യേക പരിശീലനം ലഭിച്ച ഒരു റെസ്‌ക്യൂ ഗ്രൂപ്പും (STRG) രൂപീകരിച്ചിട്ടുണ്ട്. ഇവരെ കുംഭമേളയിലെ ഹൈ റിസ്ക്‌ക് സോണുകളിൽ വിന്യസിക്കുമെന്നും പത്മജ ചൗഹാൻ അറിയിച്ചു.