യുവാവിനെ കൂട്ടുകാർ ബിയർ ബോട്ടിൽ കൊണ്ടടിച്ചു, മുറിവിൽ മുളകുപൊടി തേച്ചു; മർദനം എതിർഗ്യാങുമായി ബന്ധം ആരോപിച്ച്

തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിനെ സുഹൃത്തുക്കൾ സംഘം ചേർന്ന് മർദിച്ചു. ഞായറാഴ്ച വണ്ടിത്തടം ഭാഗത്ത് നിന്നും കാറില്‍ കയറ്റികൊണ്ടുപോയി കാട്ടക്കടയ്ക്ക് സമീപം എത്തിച്ചാണ് തിരുവല്ലം സ്വദേശി ആഷിക്കിനെ ഏഴംഗ സംഘം ക്രൂരമായി മര്‍ദിച്ചത്. ബിയര്‍ ബോട്ടിൽ കൊണ്ട് യുവാവിന്റെ നട്ടെല്ലിൽ അടിച്ച് പരിക്കേൽപ്പിച്ചെന്നും തലയിലും മുഖത്തും അടിയേറ്റുണ്ടായ മുറിവുകളിൽ സംഘം മുളകുപൊടി തേച്ചു പിടിപ്പിച്ചെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഘത്തോടൊപ്പം നടന്നിരുന്ന യുവാവ് എതിർ ചേരിയിലുള്ളവരുമായി ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂര മർദനമെന്ന് പരാതിയിൽ പറയുന്നു. മർദിച്ച ശേഷം വീണ്ടും കാറിൽ കയറ്റി തിരുവല്ലം വാഴമുട്ടത്തിനടുത്ത് എത്തിച്ചശേഷം റോഡിലേക്ക് തളളിയിട്ടു. സംഭവത്തെ കുറിച്ച് പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. തുടർന്ന് തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മർദിച്ച സംഘത്തിലുണ്ടായിരുന്ന തിരുവല്ലം സ്വദേശികളായ മനു, ധനീഷ്, ചന്തു, റഫീക് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. പ്രതികൾ ഒളിവിലാണെന്നും ഇവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും തിരുവല്ലം പൊലീസ് അറിയിച്ചു.