ആയിരങ്ങൾ അണിനിരന്നു; പേരാവൂരിലെ തോടുകൾ ക്ലീനായി

പേരാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള “ഇനി ഞാനൊഴുകട്ടെ” മൂന്നാം ഘട്ട പ്രവർത്തനങ്ങളിൽ പേരാവൂർ പഞ്ചായത്തിലെ മുഴുവൻ തോടുകളുടെ ശുചീകരണവും തോടുസഭയും നടത്തി.
പതിനാറ് വാർഡുകളിലായുള്ള 23 തോടുകളും കാഞ്ഞിരപ്പുഴയും ഉൾപ്പെടെ 48 കിലോമീറ്റർ ദൂരത്തിലാണ് ശുചീകരണം നടത്തിയത്. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ പ്രദേശത്തേയും കുടുബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ ക്ലബുകൾ, രാഷ്ട്രീയ-സംഘടനാ പ്രവർത്തകർ, നാട്ടുകാർ ഉൾപ്പെടെ ആയിരങ്ങളാണ് ഒറ്റദിവസം കൊണ്ട് മുഴുവൻ തോടുകളും മാലിന്യമുക്തമാക്കിയത്. ലഭിച്ച പാഴ് വസ്തുക്കൾ പ്ലാസ്റ്റിക്ക് കവറുകൾ, ചില്ല് കുപ്പികൾ, മറ്റുള്ളവ എന്ന രീതിയിൽ വേർതിരിച്ച് ക്ലീൻകേരള കമ്പനിക്ക് കൈമാറും.
തോടുസഭയുടെയും ശുചീകരണത്തിന്റെയും പഞ്ചായത്ത് തല ഉദ്ഘാടനം മുരിങ്ങോടി നമ്പിയോട് തൊടരികിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി എം രഞ്ജുഷ അധ്യക്ഷയായി. പഞ്ചായത്ത് അംഗം കെ വി ബാബു, ആസൂത്രണ സമിതി ഉപാദ്യക്ഷൻ കെ എ രജീഷ്, ഷീബ ബാബു, സ്മിത രാജൻ തുടങ്ങിയവർ സംസാരിച്ചു.




