കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് നവംബർ 28 മുതൽ മൂന്ന് ദിവസം പണിമുടക്കുന്നു
തിരുവനന്തപുരം: കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കേരളാ ബാങ്ക് ജീവനക്കാർ നവംബർ 28, 29, 30 തിയതികളിൽ സംസ്ഥാന വ്യാപകമായി പണിമുടക്കും. ബാങ്കിൻ്റെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ് ഓഫീസിലെയും റീജണൽ ജില്ലാ ഓഫീസുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും.
ജീവനക്കാരുടെ കുടിശ്ശികയായ 39% ക്ഷാമ ബത്ത അനുവദിക്കുക, കാലാവധി കഴിഞ്ഞ് 3 വർഷമായ ശമ്പള പരിഷ്ക്കരണത്തിന് കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ 3 വർഷമായി തടഞ്ഞുവെച്ച പ്രമോഷനുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാരും സഹകരണ മന്ത്രിയും കേരളാ ബാങ്ക് മാനേജ്മെൻ്റും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
സഹകരണ മന്ത്രി ജീവനക്കാരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26 ന് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങളിൽ ഒന്ന് പോലും ഒമ്പത് മാസമായിട്ടും നടപ്പിലാക്കിയില്ലെന്നും സംഘടന ആരോപിച്ചു. ജൂലായ് 30, 31 ന് ദ്വിദിന പണിമുടക്കും സെപ്തംബർ മുതൽ നിസ്സഹകരണ സമരവും നവംബർ 1 മുതൽ തുടർച്ചയായി 15 ദിവസം ബാങ്ക് ഹെഡ്ഢാഫീസിന് മുമ്പിൽ സത്യാഗ്രഹ സമരവും തുടർന്ന് മന്ത്രി വസതിയിലേക്ക് മാർച്ചുമൊക്കെ നടത്തിയെങ്കിലും സർക്കാരും മാനേജ്മെൻ്റും നീതി നിഷേധം തുടരുകയാണെന്നും മൂന്നു ദിവസങ്ങളിൽ സംഘടന പണിമുടക്കിന് നിർബന്ധിതമായിരിക്കുന്നതെന്നും സംഘടന അറിയിച്ചു.