ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ക്ളീന്‍ ബൗള്‍ഡ്; അരവിന്ദ് കെജ്‍രിവാളും സിസോദിയയും സത്യേന്ദ്ര ജെയിനും തോറ്റു

ദില്ലി: അധികാരം നഷ്ടപ്പെട്ടതിനോടൊപ്പം ആം ആദ്മി പാർട്ടിയുടെ പ്രമുഖ സ്ഥാനാർത്ഥികളും ദില്ലിയിൽ പരാജയപ്പെട്ടു. ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ദില്ലി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും തോറ്റു. ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ന്യൂ ദില്ലി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായ പർവേഷ് വർമ്മയോടാണ് പരാജയപ്പെട്ടത്. 3000 വോട്ടുകള്‍ക്കായിരുന്നു അരവിന്ദ് കെജ്‍രിവാളിന്‍റെ പരാജയം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേശ് വര്‍മയാണ് വിജയിച്ചത്. ജങ്ങ്പുര മണ്ഡലത്തില്‍ 500 ലധികം വോട്ടുകള്‍ക്കാണ് മനീഷ് സിസോദിയ അരവിന്ദർ സിംഗ് മർവയോട് തോറ്റത്. മുൻ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും പരാജയപ്പെട്ടു. അതേസമയം, നിലവിലെ മുഖ്യമന്ത്രി അതിഷി ജയിച്ചു. കൽക്കാജി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി രമേഷ് ബിധൂരിയെയാണ് അതിഷി പരാജയപ്പെടുത്തിയത്.
ആം ആദ്മി പാർട്ടിയുടെ തന്നെ പ്രമുഖ മുഖങ്ങൾ ആയിട്ടുള്ള സൗരവ് ഭരദ്വാജ്, സോമനാഥ് ഭാരതി തുടങ്ങിയവരും മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് പിന്നിലാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും പ്രതീക്ഷിച്ചത്ര നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ല. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ മകൻ സന്ദീപ് ദീക്ഷിത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദില്ലി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദ്ര യാദവ് ബാദ്ലി മണ്ഡലത്തൽ ആദ്യം മുന്നിട്ടുനിന്നെങ്കിലും ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയും കൽക്കാജി മണ്ഡലം സ്ഥാനാർത്ഥിയുമായ അൽക്കാ ലാമ്പയും മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടു. എതിരാളികളെ തന്ത്രപൂർവം ഒതുക്കി ദില്ലി കാലങ്ങളോളം ഭരിക്കാമെന്ന അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രതീക്ഷകള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് ദില്ലി തെരഞ്ഞെടുപ്പ് ഫലം. അഴിമതി ആരോപണ കുരുക്കില്‍ നിന്ന് കെജ്‍രിവാളിന് കരകയറാന്‍ കഴിയാതെ പോയതും, അവസാന ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്കുള്ള കൊഴിഞ്ഞു പോക്കും ആപിന് വലിയ തിരിച്ചടിയായി. ദില്ലിയിലെ ഫലം പഞ്ചാബിലടക്കം ആപിന്‍റെ നിലനില്‍പിനെ ബാധിച്ചേക്കാം എന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.