അമ്പലമേട് സ്റ്റേഷനിലെ പ്രതികളുടെ അതിക്രമം; പ്രതികളുടെ അമ്മയ്ക്കും ഭാര്യമാർക്കും എതിരെ കേസ്

കൊച്ചി: എറണാകുളം അമ്പലമേട് സ്റ്റേഷനിലെ പ്രതികളുട അതിക്രമത്തിൽ പ്രതികളുടെ അമ്മയ്ക്കും ഭാര്യമാർക്കും എതിരെ കേസ് എടുത്തു. കണ്ടാൽ അറിയാവുന്ന 4 പേരെയാണ് പൊലീസ് പ്രതി ചേർത്തത്. ഒന്നാം പ്രതി അജിത് ഗണേശൻ വിലങ്ങുവെച്ച കൈ കൊണ്ട് പൊലീസ് ഡ്രൈവറുടെ കഴുത്തിൽ മുറുക്കി. പ്രതികൾ ചേർന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിച്ചു എന്നും എഫ് ഐ ആറിൽ പറയുന്നുണ്ട്. വധശ്രമം അടക്കം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതികളുടെ ബന്ധുക്കൾ അമ്പലമേട് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതോടെയാണ് സാഹചര്യം വഷളായത്. ഇവർ സ്ഥിരം ശല്യക്കാരാണെന്നും വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ നിരവധി കേസുകളുണ്ടെന്നും തൃക്കാക്കര എസിപി പറഞ്ഞിരുന്നു. അമ്പലമേട് സ്റ്റേഷൻ പരിധിയിൽ നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിൽ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ അഖിൽ ഗണേഷ്, അജിത് ഗണേഷ് എന്നിവർ സഹോദരങ്ങളാണ്. അഖിലിനെതിരെ വിവിധ സ്റ്റേഷനുകളിലായി 17 കേസുകൾ നിലവിലുണ്ട്. മാത്രമല്ല, കാപ്പാ കേസിലെ പ്രതിയുമാണ് അഖിൽ. അജിത്തിനെതിരെ 14 കേസുകളുമുണ്ട്. ആദിത്യനെതിരെ കേസുകൾ ഉണ്ടായിരുന്നില്ല.
സ്റ്റേഷനിൽ എത്തിച്ചത് മുതൽ മൂന്ന് പേരും അക്രമസാക്തരായിരുന്നുവെന്ന് പൊലീസ് അറിയിച്ചിരുന്നു. 30,000 രൂപയുടെ നാശനഷ്ടങ്ങളാണ് പ്രതികൾ സ്റ്റേഷനുള്ളിൽ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. വനിതാ പൊലീസുകാർ അടക്കമുള്ളവർക്കെതിരെ ഇവർ അസഭ്യവർഷവും നടത്തിയെന്നും പൊലീസ് പറഞ്ഞു. തുടർന്നാണ് മൂവരെയും അകാരണമായി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് ആരോപിച്ചാണ് ബന്ധുക്കൾ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതികളും പൊലീസും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്. പൊതുമുതൽ നശിപ്പിച്ചതിനെതിരെ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ ബന്ധുക്കെതിരെയും പരിശോധിച്ച് കേസെടുക്കുമെന്നും എസിപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളുടെ അമ്മയ്ക്കും ഭാര്യമാർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.