ചോക്ലേറ്റ് കാട്ടി വീട്ടില്‍ കയറി, മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

റായ്ച്ചൂർ: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി. റായ്ചൂര്‍, ഹാസന്‍ എന്നിവിടങ്ങളിലാണ് കുട്ടികള്‍ക്കു നേരെ അതിക്രമം ഉണ്ടായത്. റായ്ച്ചൂരില്‍ രണ്ടാം ക്ലാസുകാരിയെ സ്കൂള്‍ വാനില്‍ നിന്ന് ഇറക്കികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ മാന്‍വി ഗവണ്‍മെന്‍റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പിന്നീട് റെയ്ച്ചൂര്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. കുട്ടിയെ അപരിചിതനൊപ്പം വിട്ടയച്ചതിന് സ്കൂള്‍ അധികൃതര്‍ക്കെതിരെ മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഹാസന്‍ ജില്ലയിലെ ഹലിബേഡു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് അയല്‍വാസി കൂടിയായ പ്രതി കൃത്യം നടത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ ബന്ധുവീട്ടില്‍ പോയിരിക്കുന്ന സമയത്ത് ഇയാള്‍ വീട്ടിലെത്തി. ചോക്ലേറ്റ് നല്‍കാം എന്ന് പറഞ്ഞ് അകത്ത് കടന്ന പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടി അസ്വാഭാവികമായി കരയുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ വൈദ്യ പരിശോധനയിലാണ് പീഡന വിവരം അറിഞ്ഞത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതുള്‍പ്പെടെയുള്ള വിവരങ്ങള്‍ മനസിലാക്കിയ പ്രതി പ്രദേശത്തു നിന്നും കടന്നു കളഞ്ഞു. പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.