ചെറുപുഷ്പ മിഷൻലീഗ് രൂപതാതല ബൈബിൾ കലോത്സവം: ചുങ്കക്കുന്ന് മേഖലയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

സുൽത്താൻ ബത്തേരി: ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതാ ബൈബിൾ കലോത്സവത്തിൽ ചുങ്കക്കുന്ന് മേഖല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സുൽത്താൻ ബത്തേരിയിൽ നടന്ന ആവേശകരമായ കലോത്സവത്തിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ കലാപ്രതിഭകളാണ് മാറ്റുരച്ചത്. വിവിധ മത്സരങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ചാണ് ചുങ്കക്കുന്ന് മേഖല 644 പോയിന്റോടെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
ആശേവകരമായ മത്സരങ്ങൾക്കൊടുവിൽ 623 പോയിന്റോടെ മണിമൂളി മേഖല രണ്ടാം സ്ഥാനവും, 585 പോയിന്റോടെ ബത്തേരി മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരാർത്ഥികളുടെ കൂട്ടായ പരിശ്രമവും നിശ്ചയദാർഢ്യവുമാണ് ചുങ്കക്കുന്ന് മേഖലയ്ക്ക് ഈ അഭിമാനകരമായ നേട്ടം സമ്മാനിച്ചത്. മേഖലയുടെ വിജയത്തിന് ഡയറക്ടർ ഫാ. സെബിൻ ഐക്കരത്താഴത്ത്, പ്രസിഡന്റ് ക്രിസ്റ്റോ വടക്കേക്കര, സെക്രട്ടറി ജോമോൻ മേക്കൽ, സി. ആൻസി എസ്.എച്ച്. എന്നിവർ നേതൃത്വം നൽകി.
ചുങ്കക്കുന്ന് മേഖലയുടെ ഉജ്ജ്വല വിജയത്തിൽ ചെറുപുഷ്പ മിഷൻലീഗ് പ്രവർത്തകരും രൂപതയിലെ വിശ്വാസസമൂഹവും പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.




