സ്വകാര്യ സ്കൂൾ ഫിറ്റ്നസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; എറണാകുളം പായിപ്ര പഞ്ചായത്തിൽ വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മുസ്ലിംലീഗ് നേതാവ്

എറണാകുളം പായിപ്ര പഞ്ചായത്തിൽ വനിതാ ഉദ്യോഗസ്ഥയെ പഞ്ചായത്ത് ഏഴാം വാർഡ് അംഗവും മുസ്ലീം ലീഗ് നേതാവുമായ അബ്ദുൽ കരീം ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. എൽഎസ്ജിഡി അസിസ്റ്റന്റ് എൻജിനീയർ എഇ സുമിയ്യയെയാണ് മുസ്ലീം ലീഗ് നേതാവ് ഭീഷണിപ്പെടുത്തിയത്. സ്വകാര്യ സ്കൂൾ ഫിറ്റ്നസ് പുതുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.
പഞ്ചായത്ത് പരിധിയിലുള്ള വിഎം പബ്ലിക് സ്കൂളിന്റെ ഫിറ്റ്നസ് പുതുക്കുന്നതിനുള്ള അപേക്ഷയിൽ നിയമപ്രകാരം കെഎസ്ഇബിയുടെ എൻഒസി ആവശ്യമാണ് എന്ന് അസിസ്റ്റന്റ് എൻജിനീയർ ആവശ്യപ്പെട്ടതാണ് ഇയാളെ പ്രകോപിപ്പിച്ചത്.
“നീ ഒരു പെണ്ണായതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്, ഇല്ലെങ്കിൽ മോന്ത അടിച്ചു പൊട്ടിക്കും” എന്നും, ഫിറ്റ്നസ് നൽകിയിട്ട് ഇവിടുന്ന് ഇറങ്ങിയാൽ മതിയെന്നും അബ്ദുൽ കരീം ഉദ്യോഗസ്ഥയോട് ആക്രോശിക്കുകയായിരുന്നു. സംഭവസമയത്ത് പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഉൾപ്പെടെയുള്ളവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.ഈ സംഭവത്തിൽ പൊലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് എൻജിനീയർ ആദ്യം പരാതി നൽകിയെങ്കിലും, അതിനുമുമ്പേ ആശുപത്രിയിൽ പ്രവേശിച്ച് പഞ്ചായത്ത് പ്രസിഡന്റ് നൽകിയ എതിർപരാതിയിലാണ് പൊലീസ് ആദ്യം എഫ്ഐആർ ഇട്ടത്.
വനിതാ ഉദ്യോഗസ്ഥ തങ്ങളെ മർദ്ദിച്ചു എന്നാരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകിയത്. പഞ്ചായത്ത് അംഗങ്ങളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും വലിയ സമ്മർദ്ദമുണ്ടെന്നും ഉദ്യോഗസ്ഥ ആരോപിക്കുന്നു




