Uncategorized

കടലിൽ അപകടകരമായ കണ്ടെയ്നറുകൾ ഒഴുകിനടക്കുന്നു; ജാഗ്രതാ നിർദേശവുമായി ഒമാൻ

മസ്‌കറ്റ്: ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിലെ റാസ് അല്‍ ശൈഖ് മസൂദ് തീരത്തോട് ചേര്‍ന്ന കടല്‍മേഖലയില്‍ അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ ഒഴുകിനടക്കുന്നതായി മുന്നറിയിപ്പ്. മുസന്ദം ഗവർണറേറ്റിന് സമീപം ചരക്കുകപ്പൽ തകർന്ന് മുങ്ങിയതിനെ തുടർന്നാണ് കണ്ടെയ്നറുകൾ കടലിൽ ഒഴുകിനടക്കുന്നത്. മത്സ്യത്തൊഴിലാളികളും കടൽയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് ഒമാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. കടലിൽ ചില കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഒക്ടോബർ 14-നാണ് ‘ജിഎഫ്എസ് പ്രൈഡ്’ എന്ന ചരക്കുകപ്പൽ കടലിൽ മുങ്ങിയത്. ഇതിനെ തുടർന്ന് കപ്പലിലുണ്ടായിരുന്ന നിരവധി കണ്ടെയ്നറുകൾ കടലിന്‍റെ ഉപരിതലത്തിൽ ഒഴുകാൻ തുടങ്ങി. റാസ് അൽ ശൈഖ് മസൂദ് കടൽതീര പ്രദേശങ്ങൾക്ക് സമീപമുള്ള മേഖലയിലാണ് അപകടമുണ്ടായത്. പ്രദേശത്തുകൂടി സഞ്ചരിക്കുന്ന മത്സ്യത്തൊഴിലാളികളും ബോട്ട് ഓപ്പറേറ്റർമാരും അതീവ ജാഗ്രത പാലിക്കണമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടു.

ഒഴുകിനടക്കുന്ന കണ്ടെയ്നറുകളുടെ അടുത്ത് പോകാനോ അവ നീക്കം ചെയ്യാനോ തുറക്കാനോ ശ്രമിക്കരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. വിഷവസ്തുക്കളോ അപായകരമായ രാസവസ്തുക്കളോ അടങ്ങിയ കണ്ടെയ്നറുകളുമായി സമ്പർക്കത്തിൽ വരുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം. കടലിൽ ഒഴുകിനടക്കുന്ന കണ്ടെയ്നറുകൾ കാണുന്നവർ ഉടൻ തന്നെ 7211134 എന്ന നമ്പറിൽ അധികൃതരെ വിവരമറിയിക്കണം. പരിസ്ഥിതിക്കും കടൽയാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാകാത്ത വിധത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് ശ്രമങ്ങൾ തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു. മത്സ്യത്തൊഴിലാളികളും കടൽമാർഗ്ഗം യാത്ര ചെയ്യുന്നവരും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button