Uncategorized

വിവരാവകാശഅപേക്ഷകരുടെ വിവരങ്ങൾ വിജിലൻസിന് കൈമാറാൻ തീരുമാനം;കൊച്ചി കോർപ്പറേഷനോട് വിശദീകരണം തേടി വിവരാവകാശകമ്മീഷൻ

കൊച്ചി: തുടര്‍ച്ചയായി വിവരാവകാശ അപേക്ഷകള്‍ സമര്‍പ്പിക്കുന്നവരുടെ വിവരങ്ങള്‍ വിജിലിന്‍സിന് കൈമാറാനുള്ള കൊച്ചി കോര്‍പ്പറേഷന്റെ തീരുമാനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷന്‍. തീരുമാനം വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ വിശദീകരണം തേടിയിരിക്കുന്നത്. അതേസമയം അഴിമതി തടയുക എന്നതാണ് തീരുമാനത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് കൊച്ചി മേയറുടെ വിശദീകരണം. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലാണ് നിരന്തരം വിവരാവകാശ അപേക്ഷകള്‍ സമര്‍പ്പിക്കുന്ന ആളുകളുടെ വിവരങ്ങള്‍ വിജിലന്‍സിന് കൈമാറണം എന്ന തീരുമാനം ഉണ്ടായത്. പത്ര മാധ്യമങ്ങളിലൂടെ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടത്.

വിവരാവകാശ കമ്മീഷന്‍ സെക്രട്ടറി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്കാണ് വിശദീകരണം ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്.

നൂറു തവണകളില്‍ അധികം വിവരാവകാശ അപേക്ഷ സമര്‍പ്പിച്ച ആളുകളുണ്ടെന്നും ഇവരിൽ ചിലർക്ക് പ്രത്യേക താത്പര്യങ്ങളുണ്ടെന്നുമാണ് കൊച്ചി മേയർ പറയുന്നത്. ഇത്തരക്കാര്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ചില സെറ്റില്‍മെന്റുകളിലേക്ക് പോകുന്നുണ്ട്. അതിനാലാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്നും മേയര്‍ വിശദീകരിക്കുന്നു. കഴിഞ്ഞദിവസം കോര്‍പ്പറേഷനിലെ ഒരു ഉദ്യോഗസ്ഥയെയും ഇത്തരത്തില്‍ പരാതി നല്‍കിയ ഒരാളെയും വിജിലന്‍സ് പിടികൂടിയിരുന്നു.വിജിലൻസിന്റെ പിടിയിലായ വ്യക്തി ഒരു ബില്‍ഡിങ്ങുമായി ബന്ധപ്പെട്ട് വിവരാവകാശ അപക്ഷേ സമര്‍പ്പിച്ച ചില രേഖകള്‍ കൈക്കലാക്കി. തുടര്‍ന്ന് ഈ കെട്ടിടത്തിനെതിരെ ഇയാൾ പരാതി നല്‍കി. പിന്നാലെ ഈ പരാതി ഒതുക്കി തീര്‍ക്കാന്‍ കെട്ടിട ഉടമയോട്, പരാതിക്കാരനായ വ്യക്തിയുമായി സംസാരിക്കാന്‍ കോര്‍പ്പറേഷന്‍ ജീവനക്കാരി ആവശ്യപ്പെട്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. ഈ സാഹചര്യത്തിലാണ് അപേക്ഷകരുടെ വിവരങ്ങള്‍ കൈമാറാന്‍ തീരുമാനിച്ചതെന്ന് മേയര്‍ പറയുന്നു. എന്നാല്‍ കൃത്യമായ മാര്‍ഗത്തിലൂടെ അപേക്ഷ സമര്‍പ്പിക്കുന്നവരെ ഇത്തരം തീരുമാനങ്ങള്‍ മോശമായി ബാധിക്കുമെന്ന വാദമാണ് പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്തുന്നത്. ഇവരെ പരാതിത്തൊഴിലാളികള്‍ എന്ന നിലയില്‍ അധിക്ഷേപിക്കുന്ന തരത്തിൽ ചില സാഹചര്യം ഉണ്ടായതായായും പ്രതിപക്ഷം അഭിപ്രായപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button