Uncategorized

‘പ്രധാനമന്ത്രി രാജിവെക്കണം’; അൽബേനിയയിൽ വിദ്യാർഥി പ്രക്ഷോഭം, വിദ്യാഭ്യാസ മന്ത്രാലയത്തിന് തീയിട്ടു, വൻ സംഘർഷം

ടിരാന: യൂറോപ്യൻ രാജ്യമായ അൽബേനിയയിൽ വിദ്യാർഥികളുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ വൻ സംഘർഷം. തലസ്ഥാന ന​ഗരമായ ടിരാനയിൽ ബുധനാഴ്ച നടന്ന പ്രതിഷേധമാണ് വൻ സംഘർഷത്തിൽ കലാശിച്ചത്. അക്രമാസക്തരായ വിദ്യാർഥികൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് തീയിട്ടു. നിരവധി വാഹനങ്ങളും അ​ഗ്നിക്കിരയാക്കി. പൊലീസും വിദ്യാർഥികളും ഏറ്റമുട്ടി. തുടർന്ന് ജലപീരങ്കിയും കണ്ണീർവാതകവും ഉൾപ്പെടെ പ്രയോ​ഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.

രാജ്യത്തെ വിദ്യാഭ്യാസ ചെലവുകൾ കുത്തനെ ഉയർന്നതും സർവകലാശാലകളിലെ ശോചനീയാവസ്ഥയും സർക്കാരിന്റെ അഴിമതിയും ഉയർത്തിക്കാട്ടിയാണ് അൽബേനിയയിൽ വിദ്യാർഥികൾ തെരുവിലിറങ്ങിയത്. പ്രധാനമന്ത്രി എഡി റമാ രാജിവെയ്ക്കണമെന്നതും വിദ്യാർഥികളുടെ ആവശ്യമാണ്. ഈ ആവശ്യങ്ങളെല്ലാം ഉന്നയിച്ചാണ് കറുത്ത വസ്ത്രങ്ങളണിഞ്ഞ് വിദ്യാർഥികൾ ടിരാനയിൽ കൂറ്റൻ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ആയിരക്കണക്കിന് വിദ്യാർഥികളാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തത്. പിന്നാലെ മന്ത്രാലയത്തിന് നേരേ കല്ലേറുണ്ടായി. പ്രതിഷേധക്കാർ റോഡിൽ തീയിടുകയുംചെയ്തു. ഇതിനിടെയാണ് വാഹനങ്ങളും അ​ഗ്നിക്കിരയായത്. വിദ്യാഭ്യാസ മന്ത്രാലയത്തിനും തീയിട്ടു. സമീപത്തെ ബാങ്കിലും തീപ്പിടിത്തമുണ്ടായി.

ചൊവ്വാഴ്ചയും വിദ്യാർഥികൾ സംഘടിപ്പിച്ച പ്രതിഷേധത്തിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. ചൊവ്വാഴ്ച രാത്രി തെരുവുകളിൽ സ്ഥാപിച്ച ബാരിക്കേഡുകളടക്കം വിദ്യാർഥികൾ തള്ളിമാറ്റി. വ്യാപാരസ്ഥാപനങ്ങളുടെ ചില്ലുകൾ അടിച്ചുതകർക്കുകയുംചെയ്തു. ഇതിനുപിന്നാലെയാണ് ബുധനാഴ്ചയും സംഘർഷം അരങ്ങേറിയത്. സംഘർഷത്തിൽ ആറ് പൊലീസുകാർക്കും ഒരു മാധ്യമപ്രവർത്തകനും പരിക്കേറ്റിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് 23 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.അൽബേനിയയിലെ സർക്കാർ വിരുദ്ധ പ്രസ്ഥാനമായ ഫ്ലമിങോയുടെ നേതൃത്വത്തിലാണ് ആദ്യം പ്രതിഷേധം ആരംഭിച്ചത്. സർവകലാശാലകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ഉയർന്ന വിദ്യാഭ്യാസച്ചെലവ് തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഫ്ലമിങോ തുടങ്ങിവെച്ച സമരത്തിൽ പിന്നീട് വലിയൊരു വിഭാ​ഗം വിദ്യാർഥികളും പങ്കാളികളാവുകയായിരുന്നു. തുടർന്നാണ് പ്രധാനമന്ത്രിയുടെ രാജി അടക്കമുള്ള ആവശ്യങ്ങളും ഉയർന്നുവന്നത്.

അതേസമയം, വിദ്യാർഥികൾ അക്രമങ്ങളിൽനിന്ന് പിന്മാറണമെന്ന് ഉപപ്രധാനമന്ത്രി അൽബാന കൊസിയു അഭ്യർഥിച്ചു. കല്ലെറിയുന്നതും പൊതുമുതൽ നശിപ്പിക്കുന്നതും അപലപനീയമാണ്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ, അക്രമം ഒന്നിനും പരിഹാരമല്ല. വിദ്യാർഥികൾ അക്രമങ്ങളിൽനിന്ന് പിന്തിരിയണമെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button