എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റിഡിയിൽ; അവസാനശ്വാസംവരെ പോരാടുമെന്ന് എ എ റഹീം

ഡൽഹി: ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രതിഷേധം. പ്രതിഷേധവുമായി രംഗതെത്തിയ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എഎ റഹീം എംപി അടങ്ങുന്ന നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ജന്തർ മന്തർ തിരിച്ചു പിടിക്കുമെന്ന് എ എ റഹീം പറഞ്ഞു.
ഡൽഹിയിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ പ്രതിഷേധ മാർച്ച് ആരംഭിച്ചതിന് പിന്നാലെയാണ് റഹീമിന്റെ പ്രതികരണം.പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാൻ അവസാനശ്വാസംവരെയും പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.ഞങ്ങൾ എവിടെ പ്രതിഷേധിക്കണമെന്ന തീരുമാനം ഞങ്ങളുടേതാണ്.
അത് ഞങ്ങളുടെ അവകാശമാണ്. എവിടെ പ്രതിഷേധിക്കണമെന്ന് ഭരണകൂടം നിശ്ചയിച്ചുതരുന്ന സാഹചര്യം ജനാധിപത്യം മരിച്ചുവെന്നാണ് അർഥമാക്കുന്നത്. എവിടെ, എത്രനേരം പ്രതിഷേധിക്കണമെന്ന് ഭരണകൂടമല്ല തീരുമാനിക്കേണ്ടത്. ഞങ്ങൾ പ്രതിഷേധിക്കും. ഓരോ ഇന്ത്യൻ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണത്. ആ അവകാശത്തിനുവേണ്ടി അവസാനശ്വാസംവരെയും പോരാടുമെന്ന് റഹീം പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) പിൻവലിക്കലും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ചരിത്രപ്രസിദ്ധമായ ജന്തർമന്തറിനെ ഔദ്യോഗിക പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെയും പ്രതിഷേധം ശക്തമാണ്.



