വാക്ക് പാലിച്ച് സർക്കാർ, അവസാനത്തെ മാലിന്യക്കൂനയും നീങ്ങുന്നു; ബ്രഹ്മപുരത്തിന് മെയ് മാസത്തോടെ ശാപമോക്ഷമാകും

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂന നിർമ്മാർജ്ജന പ്രവർത്തനങ്ങൾ 75% പൂർത്തിയാക്കിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നിയമസഭയിൽ ബ്രഹ്മപുരം തീപ്പിടുത്തത്തെ മുൻനിർത്തി വന്ന അടിയന്തിര പ്രമേയത്തിന് മറുപടിയായി ബ്രഹ്മപുരത്തെ ഒരു പൂങ്കാവനമാക്കുമെന്ന് പറഞ്ഞിരുന്നു. കൊച്ചി കോർപറേഷനോട് ചേർന്ന് ഇതിനായി പ്രവർത്തിച്ചു. ഈ പ്രവർത്തനങ്ങൾ കൊച്ചിയിൽ മാത്രം ഒതുങ്ങിയില്ല. ബ്രഹ്മപുരത്തുണ്ടായ തീപ്പിടുത്തമെന്ന ആപത്തിനെ കേരളത്തിനെയാകെ മാലിന്യമുക്തമാക്കാനുള്ള ഒരു അവസരമാക്കി ഉപയോഗിക്കുമെന്ന് സർക്കാർ നിയമസഭയിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സമഗ്രമായ പരിപാടി തന്നെ അവതരിപ്പിക്കുകയുണ്ടായി. മാലിന്യമുക്ത നവകേരളം എന്ന കർമ്മപദ്ധതിയുടെ പുരോഗതിയാണ് ഇന്ന് ബ്രഹ്മപുരത്ത് കാണുന്നത്. കൊച്ചിക്കും കേരളത്തിനും നൽകിയ വാക്കാണ് പാലിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ നടക്കുന്ന ബയോമൈനിങ് പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.
ഇതുവരെ 6,08,325 മെട്രിക് ടൺ മാലിന്യം ബയോ മൈനിങ്ങിലൂടെ നീക്കം ചെയ്ത് 18 ഏക്കർ സ്ഥലം വീണ്ടെടുത്തതായി മന്ത്രി അറിയിച്ചു. ബിപിസിഎല്ലുമായി സഹകരിച്ച് നിർമ്മിക്കുന്ന സിഎൻജി പ്ലാന്റിന്റെ നിർമ്മാണം മാർച്ച് മാസത്തോടെ പൂർത്തിയാകും. മാലിന്യത്തെ ഊർജമാക്കി മാറ്റുന്ന ഈ പ്ലാന്റ് പ്രതിദിനം 180 ടൺ മാലിന്യങ്ങൾ സംസ്കരിച്ച് 15 ടൺ ബയോ ഗ്യാസ് ഉദ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആർഡിഎഫ് പ്ലാന്റ്, വിൻഡ്രോ കമ്പോസ്‌റ്റ് പ്ലാന്റ്, മാലിന്യ ഊർജോൽപ്പാദന പ്ലാന്റ്, കെട്ടിടനിർമാണ പൊളിക്കൽ മാലിന്യ പുനരുപയോഗ പ്ലാന്റ്, ഫീക്കൽ സ്ലഡ്‌ജ് സംസ്‌കരണ പ്ലാന്റ്, മാലിന്യസംസ്‌കരണ–-ലിച്ചേറ്റ് സംസ്‌കരണ പ്ലാന്റുകൾ, സൗരോർജ പ്ലാന്റ് എന്നിവയാണ് മാലിന്യസംസ്‌കരണത്തിനായി ബ്രഹ്മപുരത്ത് സ്ഥാപിക്കുക. നിലവിൽ രണ്ട് ബിഎസ്‌എഫ് പ്ലാന്റുകളും ഫീക്കൽ സ്ലഡ്‌ജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ബ്രഹ്മപുരത്തുണ്ട്. കളിസ്ഥലങ്ങൾ, പൂന്തോട്ടം, റോഡുകൾ, ഗ്രീൻബെൽറ്റ്, പൊതുസൗകര്യങ്ങൾ, വിശ്രമമുറി, സംരക്ഷണഭിത്തി, തെരുവുവിളക്കുകൾ തുടങ്ങി ബ്രഹ്മപുരത്തെ കൂടുതൽ മനോഹരമാക്കുന്നതും പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്നതുമായ പദ്ധതികളും വിഭാവനം ചെയ്‌തിട്ടുണ്ടെന്നും മന്ത്രി വിവരിച്ചു.
706.55 കോടിയുടെതാണ് ബ്രഹ്മപുരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള പദ്ധതി .ലോകബാങ്കിന്റെയും സംസ്ഥാന സർക്കാരിന്റെയുമടക്കം സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും പ്ലാന്റുകളുടെ ഉടൻ ആരംഭിക്കും. കൊല്ലം ജില്ലയിലും സമാന മാതൃകയിലുള്ള പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം സർക്കാർ ബി പി സി എല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തെ സമ്പൂർണ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതികൾ അതിന്റെ അന്തിമ ഘട്ടത്തിലാണ്. കേരളത്തിൻ്റെ ജനകീയമായ മാലിന്യ- ശുചീകരണ പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു. മാലിന്യം വലിച്ചെറിയുന്നതിനെതിരെ കടുത്ത ശിക്ഷാ നടപടികൾ കൊണ്ടു വന്നിട്ടുണ്ടെങ്കിലും ആളുകളുടെ മനോഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല,അത് കൊണ്ട് തന്നെ ശിക്ഷാ നടപടികൾ കൂടുതൽ കർക്കശവും, കടുത്തതും ആക്കി മാറ്റും. ഇക്കാര്യത്തിൽ എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധ നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ, കുന്നത്തുനാട് എംഎൽഎ അഡ്വ. പിവി ശ്രീനിജൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടിവി അനുപമ ഐഎഎസ്, ശുചിത്വമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ യു വി ജോസ് ഐഎഎസ് , ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് ഐഎഎസ്, വടുവുകോട് പുത്തൻകുരിശ് പഞ്ചായത്ത് സെക്രട്ടറി സോണിയ മുരുകേശൻ, കൊച്ചി കോർപറേഷൻ അഡീഷണൽ സെക്രട്ടറി ഷിബു പിഎസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.