Uncategorized

8 വയസ്സുകാരിയെ സഹപാഠികള്‍ ഉപദ്രവിച്ചതായി പരാതി; പോക്സോ പ്രകാരം കേസെടുത്ത് പൊലീസ്

മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യയില്‍ എട്ടുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി. സ്കൂളില്‍ നിന്നാണ് പെണ്‍കുട്ടിക്ക് ദുരനുഭവം ഉണ്ടായത്. അതേ സ്കൂളിലെ വിദ്യാര്‍ത്ഥികളായ രണ്ട് ആണ്‍കുട്ടികള്‍ ശുചിമുറിയില്‍ വെച്ച് ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി. ജനുവരി 31 നായിരുന്നു സംഭവം. എന്നാല്‍ ഞായറാഴ്ചയാണ് കുട്ടിയുടെ അമ്മ പൊലീസില്‍ വിവരം അറിയിച്ചത്.
പൊലീസ് പറയുന്നത് പ്രകാരം പെണ്‍കുട്ടിയെ ശുചിമുറിയില്‍ കൊണ്ടു പോവുകയും ഭീഷണിപ്പെടുത്തി ഉപദ്രവിക്കുകയുമായിരുന്നു. രണ്ട് ആൺ കുട്ടികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ ക്ലാസിലെ തന്നെ വിദ്യാര്‍ത്ഥിയാണ്. മറ്റൊരാള്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് പറയുന്നു. സംഭവം ആരോടും പറയരുതെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കാര്യങ്ങള്‍ അമ്മയോട് തുറന്നു പറയുകയായിരുന്നെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. വൈദ്യപരിശോധനയില്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പരിക്കുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വസ്തുതകള്‍ സ്ഥിരീകരിക്കുന്നതിനു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്, കുട്ടികളുടെ മൊഴിയെടുക്കും എന്നും മണ്ഡ്യ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. വാര്‍ത്തയെ തുടര്‍ന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര എക്സില്‍ പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാനത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗികാ അതിക്രമങ്ങളും കവര്‍ച്ചയും വര്‍ധിച്ചു വരികയാണെന്നും ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button