Uncategorized

സിപിഐഎം മുറിവേല്‍പ്പിച്ചത് ജനങ്ങളുടെ ഹൃദയത്തില്‍’: പി നന്ദകുമാറിന്റെ പരാമര്‍ശത്തിനെതിരെ കെ പി നൗഷാദ് അലി

മലപ്പുറം: മുന്‍ എംഎല്‍എ പി നന്ദകുമാറിന്റെ മലപ്പുറം ജില്ലയ്‌ക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കെ പി നൗഷാദ് അലി എംഎല്‍എ. മലപ്പുറത്തെ ജനങ്ങളുടെ ഹൃദയത്തിലാണ് സിപിഐഎം മുറിവേല്‍പ്പിച്ചിരിക്കുന്നത്. സിപിഐഎമ്മിനെ സമ്പൂര്‍ണമായി കയ്യൊഴിയാന്‍ മലപ്പുറത്തെ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും കെ പി നൗഷാദ് അലി ആവശ്യപ്പെട്ടു. മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല എന്നായിരുന്നു പി നന്ദകുമാറിന്റെ പരാമര്‍ശം.

‘സംഘപരിവാറിന് മലപ്പുറം സ്റ്റോറിക്കുള്ള കണ്ടന്റ് നല്‍കാന്‍ സിപിഐഎമ്മിന് കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ മലപ്പുറം മതമൗലിക വര്‍ഗീയവാദികളുടെ കൂടായി മാറുന്നു. തെരഞ്ഞെടുപ്പ് ജയിച്ചാല്‍ മലപ്പുറം മതേതരം ആയി മാറുന്നു. സിപിഐഎം സ്വീകരിക്കുന്ന ഈ നയം ജനങ്ങള്‍ തിരിച്ചറിയും’, കെ പി നൗഷാദ് അലി റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ പറഞ്ഞു.

സിപിഐഎം ഇസ്ലാമോഫോബിയ പരത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ചെറിയ ചര്‍ച്ചയുടെ സമയത്ത് ഇങ്ങനെയാണ് പറയുന്നതെങ്കില്‍ ചര്‍ച്ചകളുടെ പ്രധാനഭാഗത്ത് സിപിഐഎം എന്തൊക്കെ പറയും? തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോള്‍ ആ പ്രദേശത്തോട് വൈരാഗ്യം ഉണ്ടാവുക, ആ പ്രദേശത്ത് താമസിക്കുന്ന ഭൂരിഭാഗം മതവിഭാഗങ്ങളോട് എതിര്‍പ്പ് ഉണ്ടാവുക. ആ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഭാഷയും രീതിയും സംഘപരിവാറിനെ കവച്ചുവയ്ക്കുന്നതായി മാറുന്നുവെന്നും കെ പി നൗഷാദ് അലി വിമര്‍ശിച്ചു.

പി നന്ദകുമാറിനെതിരെ എപി സമസ്തയും രംഗത്തെത്തിയിട്ടുണ്ട്. സിപിഐഎം നേതാവ് നന്ദകുമാറിന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും അവജ്ഞയോടെ തള്ളിക്കളയണമെന്നുമാണ് കേരള മുസ്‌ലിം ജമാഅത്ത് സെന്‍ട്രല്‍ കാബിനറ്റ് പ്രതികരിച്ചത്. യാതൊരു ഉത്തരവാദിത്തവുമില്ലാത്ത വിധം ഇത്തരം പ്രസ്താവന നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. മത സൗഹാര്‍ദ്ധത്തിനു കേളികേട്ട നാടാണ് മലപ്പുറം. നന്ദകുമാറിന്റെ പ്രസ്താവനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നയം വ്യക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു.

പൊന്നാനിയില്‍ നടന്ന സിപിഐഎം മലപ്പുറം ജില്ലാ വിപുലികൃത കമ്മിറ്റി പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പി നന്ദകുമാറിന്റെ വിവാദ പരാമര്‍ശം. ‘മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകള്‍ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കണം’, എന്നായിരുന്നു നന്ദകുമാര്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വേദിയില്‍ ഇരിക്കവെയായിരുന്നു നന്ദകുമാറിന്റെ അധിക്ഷേപ പരാമര്‍ശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button