യഥാര്‍ത്ഥ നായകന്‍’; വന്‍ വിമാന ദുരന്തം തടഞ്ഞത് ഇന്ത്യന്‍ ക്യാപ്റ്റന്റെ മനോധൈര്യം, പ്രശംസയുമായി നെതന്യാഹുവും

ടെൽഅവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് സഞ്ചരിച്ച വിമാനം ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയുണ്ടായ വലിയ അപകടം ഒഴിവാക്കിയത് ഫ്‌ലൈറ്റ് ക്യാപ്റ്റന്റെ ധീരമായ ഇടപെടലൂടെയെന്ന് റിപ്പോര്‍ട്ട്. ദുബായില്‍ താമസിക്കുന്ന ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ എന്ന ഇന്ത്യന്‍ പൈലറ്റ് ആണ് അതിസാഹസികമായി വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നില്‍. ഏകദേശം 180 ഇസ്രായേലി യാത്രക്കാരുണ്ടായിരുന്ന വിമാനമാണ് കോ പൈലറ്റ് തകര്‍ക്കാന്‍ ശ്രമിച്ചത്. കോപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. എന്നാല്‍ ഇന്ത്യന്‍ പൈലറ്റായ സ്മിത്ത് കോ-പൈലറ്റിനോട് ഏറ്റുമുട്ടി ഫ്‌ലൈറ്റ് സുരക്ഷിതമായി ലാന്‍ഡ് ചെയ്യിപ്പിക്കുകയായിരുന്നു. കോ-പൈലറ്റിന്റെ ആക്രമണത്തിൽ ക്യാപ്റ്റന്‍ സ്മിത്തിന് നിരവധി തവണ കുത്തേറ്റതായി റിപ്പോര്‍ട്ടുണ്ട്. കുത്തേറ്റ് ചോരവാർന്ന നിലയിൽ വിമാനത്തിൽ കിടക്കുന്ന സ്മിത്തിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ബോയിംഗ് 737 വിമാനങ്ങളില്‍ 13 വര്‍ഷത്തിലേറെ പറക്കല്‍ പരിചയമുള്ള ഒരു പരിചയസമ്പന്നനായ വാണിജ്യ പൈലറ്റാണ് സ്മിത്ത്. 2022 ജൂണ്‍ മുതല്‍ അദ്ദേഹം ഫ്‌ളൈ ദുബായില്‍ ക്യാപ്റ്റനാണ്. മുമ്പ് 11 വര്‍ഷം സ്പൈസ് ജെറ്റില്‍ സീനിയര്‍ കമാന്‍ഡറായും ലൈന്‍ ട്രെയിനിംഗ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബുധനാഴ്ച ഫ്‌ളൈദുബായ് ഫ്‌ലൈറ്റ് FZ1073 എന്ന വിമാനത്തിന്റെ നിയന്ത്രണമാണ് കോപൈലറ്റ് നിയന്ത്രിച്ച് തകര്‍ക്കാന്‍ ശ്രമിച്ചത്. ‘അസാധാരണമായ ധൈര്യവം പ്രകടിപ്പിച്ച ഈ വീരന്മാരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു അവര്‍ നിരവധി ജീവന്‍ രക്ഷിക്കുകയും ഒരു വലിയ ദുരന്തം ഒഴിവാക്കുകയും ചെയ്തെ’ന്നാണ് സംഭവത്തിന് ശേഷം നെതന്യാഹു പ്രതികരിച്ചത്. കോക് പിറ്റിലേക്ക് അതിക്രമിച്ചു കയറി വിമാനത്തിന്റെ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച ഒമാനി പൈലറ്റിനെ കീഴടക്കിയ ഇസ്രയേലി യാത്രക്കാരില്‍ ഒരാളോട് താന്‍ പിന്നീട് സംസാരിച്ചതായും നെതന്യാഹു പറഞ്ഞു.
തബൂക്കിലേക്ക് തിരിച്ചുവിട്ട ഫ്ലൈദുബായ് വിമാനത്തിന്റെ ധീരനായ ഇന്ത്യൻ പൈലറ്റ് മിസ്റ്റർ സ്മിത്ത് മച്ചാറിന്റെ ആരോഗ്യസ്ഥിതി റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. തബൂക്ക് നഗരത്തിലെ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഫ്ലൈദുബൈ വിമാനത്തിലെ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത് വന്നിരുന്നു.




