മൂവായിരം രൂപയ്ക്ക് വാങ്ങി 30,000 രൂപയ്ക്ക് കേരളത്തിൽ വിൽപ്പന; പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ ആലുവയിൽ പിടിയിൽ

കൊച്ചി: പത്തു കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. ഒഡീഷ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30) ഗോബർദ്ദൻ നിയാൽ (36) ഗജീന്ദ്ര റാണ (20) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഒഡീഷയിൽ നിന്നാണ് സംഘം കഞ്ചാവ് വാങ്ങിയത്. ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘം പെരുമ്പാവൂരിലേക്ക് പോകുന്നതിന് ട്രാൻസ്പോർട്ട് ബസിൽ കയറാൻ പോകുന്ന വഴിയാണ് കസ്റ്റഡിയിലാകുന്നത്.
കിലോയ്ക്ക് 3000 രൂപ നിരക്കിൽ ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവിടെ വിൽപ്പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. അതിഥിത്തൊഴിലാളികൾക്കിടയിലായിരുന്നു കച്ചവടം. കുറച്ചു നാളുകളായി സംഘം പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഡാൻസാഫ് ടീമിനെ കൂടാതെ ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സി ബിനുകുമാർ, ആലുവ സിഐ പിഎം ഷെമീർ, എസ്ഐ രഞ്ജിത് മാത്യു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




