മുത്തു ലോട്ടറിയിലൂടെ വീണ്ടും കോടികളുടെ ഭാഗ്യം; തിരുവോണം ബമ്പർ സമ്മാനം തളിപ്പറമ്പിലേക്ക്.

കണ്ണൂർ: 30 കോടിയുടെ തിരുവോണം ബമ്പർ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിന്. ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിലെ അനീഷ് കണ്ണൂർ കാര്യാലയത്തിൽ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം. ഇദ്ദേഹത്തിൽനിന്ന് തളിപ്പറമ്പിലെ തമ്പുരാൻ ലോട്ടറി സ്റ്റാൾ ഉടമ പി.വി. വത്സരാജ് മൊത്തമായി ടിക്കറ്റ് വാങ്ങിയിരുന്നു. വത്സരാജിൻ്റെ തളിപ്പറമ്പ് ടൗണിലുള്ള തമ്പുരാൻ ലോട്ടറി വില്പന കേന്ദ്രത്തിൽ നിന്നാണ് ടിക്കറ്റ് വിറ്റത്.
കഴിഞ്ഞ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനവും മുത്തു ഏജൻസിയിലൂടെ അനീഷ് വിറ്റ ടിക്കറ്റിനായിരുന്നു. 2025 ക്രിസ്മസ്-പുതുവത്സര ബമ്പർ സമ്മാനത്തുക 20 കോടി രൂപയായിരുന്നു. അതിന് മുൻപും ബമ്പർ തിരഞ്ഞെടുപ്പിൽ ഒരു കോടി സമ്മാനം മുത്തു ഏജൻസിയിലൂടെ ലഭിച്ചിട്ടുണ്ട്. 18 വർഷമായി ലോട്ടറി കച്ചവടം നടത്തുകയാണ് അനീഷ്.
ഏജൻസി കമ്മീഷൻ മൂന്ന് കോടി രൂപയും നികുതി ഇനത്തിൽ നല്കേണ്ട 10.53 കോടിയും കഴിച്ച് 16.47 കോടി രൂപ സമ്മാനർഹന് കിട്ടും.




