Uncategorized

‘ലഹരിവിൽപ്പന ചോദ്യം ചെയ്തു, വെട്ടിയത് ഇതിന് പിന്നാലെ’; ജിം ട്രെയിനറുടെ കൊലപാതകത്തിൽ ആരോപണവുമായി കുടുംബം

ചെന്നൈ: ചെന്നൈയിൽ ബോക്സിംഗ് താരവും ജിം ട്രെയിനറുമായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത് ലഹരിവിൽപ്പന ചോദ്യം ചെയ്തതിനെ തുടർന്നാണെന്ന് ബന്ധുക്കൾ. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിന് തൊട്ടടുത്ത് മെട്രോ നഗരത്തെ നടുക്കിയ ക്രൂര കൊലപാതകത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ലഹരിക്കടത്ത് മാഫിയയിലെ ചിലരുമായി ധനുഷ് അടുത്തിടെ വാക്കേറ്റത്തിലേർപ്പെട്ടിരുന്നതായും ഇവരാണ് കൊലപാതകത്തിന് പിന്നിലെന്നും ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.

ട്രിപ്ലിക്കേൻ രാജാജി നഗറിലെ രാജേഷ് -രാധ ദമ്പതികളുടെ ഏക മകനായ 24കാരൻ ധനുഷ് ആണ് കഴിഞ്ഞ ദിവസം പുലർച്ചെ കൊല്ലപ്പെട്ടത്. ഒരു മണിക്ക് സുഹൃത്തായ അരുണിനൊപ്പം വീടിനടുത്തുള്ള റോഡിലൂടെ നടക്കുമ്പോഴാണ് സംഭവം. ആയുധങ്ങളുമായെത്തിയ ഒരു സംഘം യുവാക്കൾ ഇരുവരെയും വളഞ്ഞു. ധനുഷ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്തുടർന്ന് വെട്ടിവീഴ്ത്തി. തടയാൻ ശ്രമിച്ച അരുണിന്‍റെ കഴുത്തിനാണ് വെട്ടേറ്റത്. ധനുഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

മുൻവൈരാഗ്യം കാരണമുള്ള കൊലപാതകമാണ് ജിം ട്രെയ്നറുടേതെന്ന് പൊലീസും സ്ഥിരീകരിച്ചു. സംഭവത്തിൽ ഒൻപത് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സംസ്ഥാന തല ബോക്സിംഗ് മത്സങ്ങളിൽ വിജയിച്ചിട്ടുള്ള ധനുഷ്, പൊലീസ് റിക്രൂട്ട്മെന്‍റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button