അഴിമതിയുടെയും ധൂർത്തിൻ്റെയും പര്യായമായി യുഡിഎഫ് സർക്കാർ മാറി: പി രാജീവ്

അഴിമതിയുടെയും ധൂർത്തിൻ്റെയും പര്യായമായി യുഡിഎഫ് സർക്കാർ മാറിയെന്ന് പി രാജീവ്. ഇത്രയും ധിക്കാരത്തോടെ പ്രവർത്തിക്കുന്ന ഒരു ഗവൺമെൻ്റ് മുൻപ് ഉണ്ടായിട്ടില്ല. കോർപ്പറേറ്റുകൾ സ്പോൺസർ ചെയ്യുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് പി രാജീവ് പറഞ്ഞു.
മുഖ്യമന്ത്രി ബിജെപിയുടെ വക്താവായി മാറി എന്നതിൻ്റെ തെളിവാണ് ഇന്നത്തെ വാർത്താ സമ്മേളനം. ധിക്കാരത്തോടെയാണ് ഇന്ന് മുഖ്യമന്ത്രി സംസാരിച്ചത്. സത്യപ്രതിജ്ഞാ ലംഘനം നടത്തുമെന്ന് വളരെ ലാഘവത്തോടെ പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. വണ്ടി കേടായാൽ ടൂറിസം വകുപ്പ് വാഹനം അനുവദിക്കുന്നതാണ് ചട്ടം. എന്നാൽ അത് ലംഘിക്കപ്പെട്ടു. വൻകിട കോർപ്പറേറ്റിൻ്റെ വാഹനം ഉപയോഗിക്കുന്നത് സംശയങ്ങൾ ഉണ്ടാക്കും. കെ എം ഷാജിക്ക് വാഹനം കൊടുത്തയാളെ ഏതോ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതായി വിവരം പുറത്തുവന്നു. അത് അഴിമതി നിരോധന നിയമപ്രകാരം കുറ്റകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി നടത്തുന്ന നിഗൂഢ യാത്രകൾ ആരുടെ ചെലവിലാണെന്ന് പറയാൻ അദ്ദേഹം തയ്യാറാവണം. ഹെലികോപ്ടർ വാടക പുതുക്കാൻ സർക്കാരിന് അപേക്ഷ നൽകി കാത്തിരിക്കുന്ന കമ്പനിയുടെ ചെലവിലാണ് മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതെങ്കിൽ അത് ഗുരുതര കുറ്റമാണ്. മുൻമുഖ്യമന്ത്രി അങ്ങനെ ഒരു യാത്ര നടത്തിയിരുന്നെങ്കിൽ അന്നത്തെ പ്രതിപക്ഷ നേതാവ് എത്ര വാർത്താ സമ്മേളനം നടത്തുമായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.




