Uncategorized

പാർലമെൻ്ററി മോഹം അപചയത്തിനും അപ്പുറം; സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിമർശനം

കോഴിക്കോട്: സിപിഐഎമ്മിൻ്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി ​യോ​ഗത്തിൽ മാർ​ഗ്​ഗ രേഖയിന്മേലുള്ള ആദ്യദിനത്തെ പൊതുചർച്ചകൾ അവസാനിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് ഇന്ന് ചർച്ചയിൽ പങ്കെടുത്തത്. പൊതു ചർച്ച നാളെയും തുടരും. പാർട്ടിക്ക് ജനങ്ങളുമായുള്ള അകൽച്ച വലുതായെന്ന വിമർശനം ചർച്ചയിൽ ഉയർന്ന് വന്നു. ജനവിശ്വാസം വീണ്ടെടുക്കാൻ ആത്മാർത്ഥമായ ശ്രമം ഉണ്ടാകണമെന്ന ആവശ്യവും ഉയർന്നു. സോഷ്യൽ മീഡിയയിൽ നേതാക്കളടക്കം കൂടുതൽ സജീവമാകണമെന്നും അഭിപ്രായവും പൊതു ചർച്ചയിൽ ഉയർന്നു.

പാർലമെൻ്ററി മോഹം അപചയത്തിനും അപ്പുറമാണെന്ന വിമർശനവും പൊതുചർച്ചയിൽ ഉയർന്നു. ചിലർ പാർലമെൻററി സ്ഥാനങ്ങൾക്ക് വേണ്ടി മാത്രം പാർട്ടിയിൽ നിൽക്കുന്നു. പാർലമെൻ്ററി സ്ഥാനങ്ങൾ അവകാശം പോലെ കരുതുമെന്നും മറ്റാരും തങ്ങൾക്ക് പകരക്കാരല്ല എന്ന് ചിന്തിക്കുന്നവരും കുറവല്ലെന്നും വിമർശനം ഉയർന്നു. മാനദണ്ഡങ്ങൾ നിശ്ചയിക്കുമ്പോൾ പലർക്കും പല നീതിയാണെന്ന വിമർശനവും പൊതുചർച്ചയിൽ ഉയർന്നു.

നേതൃത്വവും അണികളും തമ്മിലുള്ള ആശയ അകലം വർദ്ധിച്ചുവെന്നും കേൾക്കാനുള്ള മനസ്സില്ലാത്തവരായി നേതാക്കൾ മാറുന്നുവെന്നും വിമർശനം ഉണ്ടായി. എന്തിനോടും പുച്ഛം കലർന്ന സമീപനമാണെന്നും പൊതുചർച്ചയിൽ വിമർശനം ഉന്നയിക്കപ്പെട്ടു.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് രാവിലെയാണ് കോഴിക്കോട് തുടക്കമായത്. മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയാണ് യോഗം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംഘടനാ മാർ​ഗ്​ഗ രേഖ അവതരിപ്പിച്ചു. ചില തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ യോഗം സംഘടിപ്പിക്കുന്നതെങ്കിലും ഉജ്ജ്വലമായ ചരിത്രമാണ് പാർട്ടിക്കുള്ളതെന്ന് എം എ ബേബി വ്യക്തമാക്കി. സമ്പൂർണ്ണ സാക്ഷരത, സമ്പൂർണ്ണ വൈദ്യുതീകരണം, ജനകീയാസൂത്രണം, കഴിഞ്ഞ പത്ത് വർഷത്തെ മഹത്തായ നേട്ടങ്ങൾ. ഇതിനെല്ലാം പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടലുകളാണെന്നും എം എ ബേബി പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button