Uncategorized

കുഞ്ഞുമായി കുടുംബം ഡോക്ടറെ കാണാൻ പോയി; വീട് കുത്തിത്തുറന്ന് 22 പവൻ സ്വർണവും പണവും കവർന്നു; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

കറ്റാനം(ആലപ്പുഴ): ഭരണിക്കാവിൽ ആളില്ലാത്ത സമയം വീട് കുത്തിത്തുറന്ന് 22 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളായ അനിൽദാസ് (54), നസീർ (54) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്തുനിന്ന് കഴിഞ്ഞദിവസം പിടികൂടിയത്. കറ്റാനം ഭരണിക്കാവ് പതിനൊന്നാം വാർഡിൽ വിളയിൽ ജോർജിന്റെ വീട്ടിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്.

വൈകിട്ട് മാങ്കാംകുഴിയിൽ താമസിക്കുന്ന മകൾ കുഞ്ഞുമായി കറ്റാനത്തെ കുടുംബവീട്ടിലെത്തിയിരുന്നു. കുഞ്ഞിനെ മാവേലിക്കരയിൽ ഡോക്ടറെ കാണിക്കാനായി ജോർജ് ഭാര്യയെയും മകളെയും കൂട്ടിപ്പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. കിടപ്പുമുറിയിലെ അലമാരയുടെ പൂട്ടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും അപഹരിക്കുകയായിരുന്നു. രാത്രി ഒൻപതരയോടെ ഇവർ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും വിരലടയാള വിദഗ്ധർ ശേഖരിച്ച തെളിവുകളും അടിസ്ഥാനമാക്കിയാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഇരുവരും വലയിലായത്. കവർച്ച ചെയ്ത പണവും സ്വർണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെ നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button