Uncategorized

‘ശുദ്ധീകരണം ജിഹാദി മുദ്രാവാക്യം കാരണം’; ന്യായീകരണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെഹ്‌റാഡൂണ്‍: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത വേദിയുടെ ശുദ്ധീകരണം നടത്തിയ സംഭവത്തില്‍ ന്യായീകരണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. കോണ്‍ഗ്രസ് റാലിയില്‍ ജിഹാദി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതാണ് ശുദ്ധീകരണം നടത്താന്‍ കാരണമെന്നാണ് പുഷ്‌കര്‍ സിങ് ധാമി കഴിഞ്ഞദിവസം പ്രതികരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് രാംലീല മൈതാനത്ത് റാലിയെ അഭിസംബോധന ചെയ്ത് ഖര്‍ഗെ സംസാരിച്ചത്. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് ശുദ്ധീകരണം നടന്നത്.

‘ജിഹാദി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ, ഒരു സാമൂഹിക സംഘടനയാണ് വേദിയില്‍ ശുദ്ധീകരണം നടത്തിയത്. അത് ഒരു വ്യക്തിയെയും ഉന്നംവെച്ചല്ല. ആരെങ്കിലും അതിന് വ്യത്യസ്തമായ ഭാവമോ രാഷ്ട്രീയ നിറമോ നല്‍കാന്‍ ശ്രമിച്ചാല്‍ ആര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും? ദളിത് വിഭാഗത്തില്‍പ്പെട്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്ത സാഹചര്യത്തില്‍ എങ്ങനെയാണ് അതൊരു വിഭാഗത്തിനെതിരെയാണെന്ന് പറയാന്‍ കഴിയും?’ എന്നും ധാമി ചോദിക്കുന്നു.

കോണ്‍ഗ്രസ് റാലി നടന്ന ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്താണ് ശുദ്ധീകരണം നടന്നത്. സംഭവം വിവാദമായതിന് ശേഷം ആദ്യമായാണ് ഇതുമായി ബന്ധപ്പെട്ട് ‘ജിഹാദി’ പരാമര്‍ശം മുഖ്യമന്ത്രി നടത്തുന്നത്. അതേസമയം ഈ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. മുഖ്യമന്ത്രി ധാമിയും ബിജെപി നേതാക്കളും അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന വക്താവ് ഗരിമ ദസൗനി പ്രതികരിച്ചു. മുഖ്യമന്ത്രി പറയുന്നതില്‍ ഒരു ഔചിത്യവുമില്ലെന്നും സംഭവത്തില്‍ പരാതിനല്‍കിയ വ്യക്തി റാലിയില്‍ ഉടനീളം അവിടെ പങ്കെടുത്ത വ്യക്തിയാണെന്നും അത്തരമൊരു മുദ്രാവാക്യം അവിടെ ഉയര്‍ന്നിട്ടില്ലെന്ന് അവര്‍ പറയുന്നുണ്ടെന്നും ഗരിമ ചൂണ്ടിക്കാട്ടി. മാത്രമല്ല മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതായി തെളിയിക്കാന്‍ ഒരൊറ്റ തെളിവുപോലും ബിജെപി നല്‍കിയിട്ടില്ലെന്നും അവര്‍ കൂട്ടിക്കാട്ടി.

മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എതിരായ ജാതി അധിക്ഷേപ ആരോപണത്തില്‍ കേസെടുക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന പ്രസ്താവനയുമായി നേരത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി രംഗത്തെത്തിയിരുന്നു. മാലിന്യം തള്ളിയതിലും ചിലര്‍ നടത്തിയ മതപരമായ മുദ്രാവാക്യം വിളികളിലും പ്രതിഷേധിച്ച് ഒരു പ്രാദേശിക മതസംഘടന നടത്തിയ ശുചീകരണ ചടങ്ങ് മാത്രമായിരുന്നു ശുദ്ധികലശം എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button