യൂത്ത് ലീഗ് തലപ്പത്തേക്ക് വീണ്ടും പാണക്കാട് കുടുംബാംഗം? മുഈനലി തങ്ങൾക്കായി ആവശ്യം ശക്തം

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് തലപ്പത്തേക്ക് വീണ്ടും പാണക്കാട് കുടുംബാംഗം എത്തുമോയെന്ന ചര്‍ച്ചകള്‍ സജീവം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെ സംസ്ഥാന അധ്യക്ഷൻ ആക്കണമെന്ന ആവശ്യം ശക്തമായി. പ്രായപരിധി ഇളവ് തേടി മറ്റ് നേതാക്കളും രംഗത്തുണ്ട്.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ പി കെ നവാസിന്റെ പേര് യൂത്ത് ലീഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും ഒറ്റപദവി വാദം ഉയര്‍ത്തുകയാണ് ഔദ്യോഗിക വിഭാഗം. മന്ത്രിമാരും എംഎല്‍എമാരും മറ്റുപദവികള്‍ ഒഴിയണമെന്ന് നേതൃയോഗത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ നിര്‍ദേശിച്ചിരുന്നു. സംഘടനാ ചുമതലകളില്‍ കൂടുതല്‍പേര്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. നവാസിനെ ഒഴിവാക്കിയാല്‍ സി കെ നജാഫ് ജനറല്‍ സെക്രട്ടറിയാകും. പി കെ നവാസിനെ സീനിയര്‍ വൈസ് പ്രസിഡന്റാക്കി നിലനിര്ത്തണണെന്നും ആവശ്യം ഉണ്ട്.
മിസ്ഹബ് കീഴരിയൂര്‍ പി കെ ഫിറോസിന്റെ നോമിനിയായി രംഗത്തുണ്ട്. എന്നാല്‍ മുഈനലി തങ്ങളെ അധ്യക്ഷനാക്കി മിസ്ഹബിനെ ജനറല്‍ സെക്രട്ടറി ആക്കാനും ചര്‍ച്ചകള്‍ സജീവമാണ്. ഹരിത വിവാദത്തില്‍ പുറത്തായ ലത്തീഫ് തുറയൂരിനെ കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറിയാക്കും. നസീഫ് കൊടുവള്ളി കോഴിക്കോട് ജില്ല പ്രസിഡന്റാകും.
ലീഗ് ഒറ്റപ്പദവി തീരുമാനം കര്‍ശനമാക്കുകയാണെങ്കില്‍ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലിയ, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ റസാഖ്, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ടി.പി അഷറഫലി, ഫൈസല്‍ ബാബു തുടങ്ങി നിരവധി പേര് പദവികള്‍ ഒഴിയേണ്ടി വരും.




