വയറുവേദന, പിന്നാലെ മരണം; പോസ്റ്റുമോർട്ടത്തിൽ തെളിവായി, ആലപ്പുഴയിൽ യുവാവിനെ കൊന്നത് സുഹൃത്തുക്കൾ, അറസ്റ്റിൽ
![](https://opennewsx24.com/wp-content/uploads/2025/01/alappuzha-murder_363x203xt.webp)
ചാരുംമൂട്: ആലപ്പുഴയിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി സരോജ് സാഹിനി (30) ആണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന ബീഹാർ സ്വദേശികൾ തന്നെയായ സമസ്തപൂർ ജില്ലയിൽ ഫത്തെപ്പൂർ നിവാസികളായ പ്രമാനന്ദ് സാഹ്നി (41), രമാകാന്ത് സാഹ്നി (55), എന്നിവരെയാണ് നൂറനാട് പൊലീസ് എസ്എച്ച്ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 24ന് രാവിലെ ചാരുംമൂട് ജംങ്ഷന് സമീപം വച്ച് സരോജ് സാഹ്നിയെ ഇയാളോടൊപ്പം താമസിക്കുന്ന ബീഹാർ സ്വദേശികളായ രണ്ടുപേർ മുൻ വൈരാഗ്യത്താൽ ക്രൂരമായി മർദ്ദിച്ചിരുന്നു. പറയംകുളത്ത് വാടക കെട്ടിടത്തിൽ സഹോദരനോടൊപ്പം താമസിക്കുന്ന സരോജ് സാഹ്നിക്ക് പറയൻകുളത്തെ ആക്രി കടയിലായിരുന്നു ജോലി. താമസ സ്ഥലത്ത് വച്ചുണ്ടായ വാക്കുതർക്കങ്ങളാണ് മര്ദനത്തില് കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
രാവിലെ മർദ്ദനമേറ്റ് കടത്തിണ്ണയിൽ കാണപ്പെട്ട സരോജ് സാഹ്നിയെ സഹോദരൻ ദിലീപ് സാഹ്നി റൂമിലെത്തിച്ചു. അന്ന് തന്നെ വൈകിട്ട് വയറുവേദന അനുഭവപ്പെട്ടപ്പോൾ സഹോദരൻ നൂറനാട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. തിരികെ വീട്ടിലെത്തി വിശ്രമിച്ചു വന്ന സരോജിന് 26ന് വെളുപ്പിന് വയറുവേദന കലശലായതിനെ തുടർന്ന് കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. അസ്വാഭാവിക മരണത്തിന് നൂറനാട് പൊലീസ് കേസെടുത്തു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടവും നടത്തി.