കേരള ബാങ്ക് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന; അഴിമതിക്ക് കൂട്ടുനിന്നവരെ വെറുതെ വിടില്ലെന്ന് മന്ത്രി എം ലിജു

തിരുവനന്തപുരം: കേരള ബാങ്ക് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന. സിസിടിവി ടെന്‍ഡര്‍ ക്രമക്കേടിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ടെന്‍ഡര്‍ രേഖകളാണ് വിജിലന്‍സ് പരിശോധിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയിന്മേലായിരുന്നു നടപടി. സിസിടിവി ടെന്‍ഡര്‍ ഒരു കമ്പനിക്ക് കിട്ടുന്ന വിധം നടപടികള്‍ സ്വീകരിച്ചു എന്ന പരാതിയിലായിരുന്നു പരിശോധന.
അഞ്ച് ജില്ലകളില്‍ സിസിടിവിയും അലാം സംവിധാനവും സ്ഥാപിക്കാന്‍ കേരള ബാങ്ക് ടെന്‍ണ്ടര്‍ ക്ഷണിച്ചിരുന്നു. 317 ശാഖകളില്‍ സിസിടിവിയും 149 ശാഖകളില്‍ അലാം സംവിധാനവും സ്ഥാപിക്കാനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ശാഖകളിലായിരുന്നു സിസിടിവികള്‍ സ്ഥാപിക്കേണ്ടത്. എന്നാല്‍, ഒരു കമ്പനിക്ക് മാത്രം കരാര്‍ കിട്ടുന്ന തരത്തില്‍ ടെന്‍ഡറില്‍ കൃത്രിമത്വം നടന്നുവെന്നായിരുന്നു പരാതി.
317 ശാഖകളില്‍ സിസിടിവിയും 149 ശാഖകളില്‍ അലാം സംവിധാനവും സ്ഥാപിക്കാനായിരുന്നു കേരള ബാങ്കിന്റെ നീക്കം. ഉച്ചയോടെയായിരുന്നു പരിശോധന തുടങ്ങിയാത്. കേരള ബാങ്കിന്റെ 823 ശാഖകളില്‍ 317 ശാഖകളില്‍ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് ടെന്‍ഡര്‍ ക്ഷണിച്ചത്. റിസര്‍വ്ബാങ്ക്, നബാര്‍ഡ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ടെന്‍ഡറില്‍ വ്യക്തമാക്കിയിരുന്നു.
കേരള ബാങ്ക് ആസ്ഥാനത്ത് റെയ്ഡ് നടക്കുന്ന വിവരം ഇപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു സഹകരണ വകുപ്പ് മന്ത്രി എം ലിജു പ്രതികരിച്ചത്. സിസിടിവി ക്യാമറ പര്‍ച്ചേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. പരാതി ലഭിച്ചാല്‍ അന്വേഷിച്ചല്ലേ പറ്റൂ എന്നും അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയെ അഴിമതി വിമുക്തമാക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യം. നിക്ഷേപകര്‍ക്ക് ജീവിതം നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. പ്രതിസന്ധിയുള്ള സഹകരണ ബാങ്കുകളുടെ കണക്ക് എടുത്തിട്ടുണ്ടെന്നും എന്തുകൊണ്ട് നഷ്ടം സംഭവിച്ചു എന്നത് പരിശോധിക്കുന്നു എന്നും മന്ത്രി വ്യക്തമാക്കി.
ഡയറക്ടര്‍ ബോര്‍ഡിന്റെയും ഉദ്യോഗസ്ഥരുടെയും അഴിമതിയാണ് നഷ്ടത്തിന് കാരണം. അഴിമതി നടത്തിയവരെയും കൂട്ടുനിന്നവരെയും സര്‍ക്കാര്‍ വെറുതെ വിടില്ല. കുറ്റം ചെയ്ത സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയുമില്ലെന്നും ഇതുവരെ ഒരു ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രിമിനല്‍ കേസോ സിവില്‍ കേസോ എടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു. അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സിവിലായും ക്രിമിനല്‍ ആയും കേസ് എടുക്കുമെന്നും സഹകരണ മേഖലയെ സമ്പൂര്‍ണ്ണമായി അഴിമതി വിമുക്തമാക്കുക എന്നതാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.




