കേരളം വ്യവസായ സൗഹൃദ നാട്: ഷെഫ് സുരേഷ് പിള്ള

കേരളത്തിൽ വ്യവസായം തുടങ്ങാൻ ബുദ്ധിമുട്ടുകളില്ലെന്ന് ഷെഫ് സുരേഷ് പിള്ള. താൻ 16 റെസ്റ്റോറന്റുകളും 13 ബ്രാഞ്ചുകളും തുടങ്ങി. കേരളം വ്യവസായ സൗഹൃദമല്ലെന്ന വാദം അംഗീകരിക്കാൻ കഴിയുന്നതല്ല. ജെയിൻ സർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ ‘ഭക്ഷണവും സർഗ്ഗാത്മകതയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലെമെറിഡിയനിൽ റെസ്റ്റോറന്റ് തുടങ്ങിയതോടെ സാധാരണക്കാർക്ക് ചെറിയ തുകയിൽ ഭക്ഷണം കഴിക്കാൻ കഴിയുന്ന റെസ്റ്റോറന്റുകളല്ലേ തുടങ്ങേണ്ടത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ലെമെറിഡിയനിൽ തുടങ്ങിയതുകൊണ്ടാണ് ‘ആർസിപി’ (റെസ്റ്റോറന്റ് ഷെഫ് പിള്ള) ഹിറ്റ് ആയത്. അവിടെ ആദ്യമായാണ് ഒരു തേർഡ് പാർട്ടി റെസ്റ്റോറന്റ് തുടങ്ങുന്നത്. അത് അംഗീകാരമാണെന്നും ഷെഫ് പിള്ള പറഞ്ഞു.
ജയിക്കാതിരിക്കുമ്പോൾ തന്നെ തോൽക്കാതിരിക്കാനും ചെസ്സിൽ കഴിയും. ചെസ്സ് കളിയെ ഏറ്റവും ഇഷ്ടപ്പെടുന്ന ഷെഫ് പിള്ള അഭിപ്രായപ്പെട്ടു. ചെസ്സ് കളി തന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “അറബിക് ഭക്ഷണത്തിന് കേരളത്തിൽ പ്രിയമേറെയാണ്. ഇനി അത് അറബിക്-കേരള ഭക്ഷണമായി പരിണമിക്കും. കാരണം മലയാളികൾക്ക് നാടൻ ഭക്ഷണത്തിന്റെ രുചി ഒരിക്കലും മറക്കാൻ കഴിയില്ല.” ഷെഫ് പിള്ള പറഞ്ഞു.