കുംഭമേളയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഛണ്ഡീഗഡ്: കുംഭമേളയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് അംഗങ്ങൾ കൊല്ലപ്പെട്ടു. ഓം പ്രാകാശ് സിങ് (42), ഭാര്യ പൂർണിമ (34), മകൾ അഹാന (12), മകൻ വിനായക് (4) എന്നിവരെയാണ് ഉത്തർ പ്രദേശിലെ ഫത്തേഹബാദ് ലക്ക്നൗ-ആഗ്ര എക്സ്പ്രസ് ഹൈവേയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബിഹാറിലെ മോത്തിഹാറി ജില്ലയിൽ നിന്നും കുടിയേറി ഡൽഹിയിലെത്തിയതാണ് ഓം പ്രകാശും കുടുംബവും.
തിങ്കളാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്രയാഗ് രാജിലെ തൃവേണി സംഗമത്തിൽ മുങ്ങിയതിന് ശേഷം ഡൽഹിയിലെ ഉത്തംനഗറിലെ വീട്ടിലേക്ക് കാറിൽ മടങ്ങുമ്പോഴാണ് ദാരുണമായ അപകടം നടക്കുന്നത്. ബന്ധുക്കളെ വിവരം അറിയിച്ചതായും പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചതായും പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ അമർ ദീപ് വ്യക്തമാക്കി. ഓം പ്രാകാശ് സിങിന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
കൺട്രോൾ നഷ്ടപ്പെട്ട കാർ എതിരെവന്ന മിനി ട്രക്കിൽ ഇടിക്കുകയായിരുന്നു. കാര്‍ പൂർണമായും തകർന്ന നിലയിലാണ്. കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന മൃതദേഹങ്ങൾ പൊലീസും അഗ്നിശമന സേനയുമെത്തിയാണ് പുറത്തെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.