Uncategorized

തഹസിൽദാർ ഓഫീസിലെ മലിനമായ ശുചിമുറി സ്വയം വൃത്തിയാക്കി തെലങ്കാന മന്ത്രി; ഉദ്യോഗസ്ഥർക്ക് കടുത്ത ശകാരം

നാഗർ കർണൂൽ: തെലങ്കാനയിലെ സർക്കാർ ഓഫീസിൽ മിന്നൽ പരിശോധന നടത്തവേ അങ്ങേയറ്റം വൃത്തിഹീനമായ അവസ്ഥയിൽ കണ്ട ശുചിമുറി സ്വയം വെള്ളമൊഴിച്ച് വൃത്തിയാക്കി മന്ത്രി. തെലങ്കാന പിന്നാക്ക ക്ഷേമ, വിപണന വകുപ്പ് മന്ത്രി ചുപള്ളി കൃഷ്ണ റാവുവാണ് (Jupally Krishna Rao) ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഞെട്ടിച്ച ഈ വേറിട്ട നടപടി സ്വീകരിച്ചത്. നാഗർ കർണൂൽ ജില്ലയിലെ പെന്തില വെല്ലി (Pentlavelli) തഹസിൽദാർ ഓഫീസിലായിരുന്നു സംഭവം.

ഓഫീസിൽ അപ്രതീക്ഷിത പരിശോധനയ്ക്കെത്തിയ മന്ത്രി, പൊതുജനങ്ങളും ജീവനക്കാരും ഉപയോഗിക്കുന്ന ശുചിമുറിയുടെ ദയനീയ അവസ്ഥ കണ്ടാണ് അമ്പരന്നത്. പൊതുസ്ഥാപനങ്ങളിലെ ശുചിത്വക്കുറവിനും ഉദ്യോഗസ്ഥരുടെ അലംഭാവത്തിനും കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മന്ത്രി, മറ്റുള്ളവരെ കാത്തുനിൽക്കാതെ സ്വയം പൈപ്പിൽ നിന്ന് വെള്ളമൊഴിച്ച് ശുചിമുറിയുടെ ചുമരുകളും തറയും വൃത്തിയാക്കാൻ തയ്യാറാവുകയായിരുന്നു.

പൊതുജനങ്ങൾക്ക് സേവനം നൽകേണ്ട ഒരു സ്ഥാപനത്തിൽ അടിസ്ഥാനപരമായ ശുചിത്വ മാനദണ്ഡങ്ങൾ പോലും പാലിക്കാത്തതിൽ അദ്ദേഹം ജീവനക്കാരെ ശക്തമായി ശകാരിച്ചു. “ഇത് അംഗീകരിക്കാൻ കഴിയില്ല, എന്തുകൊണ്ടാണ് ഓഫീസ് പരിസരവും ശുചിമുറിയും ഇത്രയും അഴുക്കായി കിടക്കുന്നത്?” എന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചു. തുടർന്ന് ശുചീകരണ സാമഗ്രികൾ വാങ്ങാനായി മന്ത്രി സ്വന്തം കൈയിൽ നിന്ന് 450 രൂപ നൽകി ബക്കറ്റും ഫിനോയിലും ബ്രഷും വരുത്തി ഓഫീസിലേക്ക് നൽകുകയും ചെയ്തു.

ശുചിത്വ പരിശോധനയ്ക്ക് പുറമേ ഓഫീസിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി. കെട്ടിക്കിടക്കുന്ന ഫയലുകളും റവന്യൂ അപേക്ഷകളും വിശദമായി പരിശോധിച്ച അദ്ദേഹം, നടപടികൾ വൈകുന്നതിന്റെ കാരണങ്ങൾ ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. പൊതുജനങ്ങൾക്കുള്ള സർക്കാർ സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും ഇനി ഇത്തരം വീഴ്ചകൾ ആവർത്തിക്കരുതെന്നും കർശന നിർദ്ദേശം നൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button