Uncategorized

പാലത്തായി കേസ്: ‘പ്രതി പത്മരാജന് ജാമ്യം ലഭിക്കാനായി യുഡിഎഫ് സർക്കാർ ഒത്തുകളിച്ചു’; കെ കെ രാഗേഷ്

കണ്ണൂർ: പാലത്തായി കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത് യുഡിഎഫ് സർക്കാരിൻ്റെ ഒത്തുകളിയെന്ന് സിപിഐഎം കണ്ണൂ‍ർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷ്. നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവായ അധ്യാപകൻ പത്മരാജന്‌ ജാമ്യം ലഭിച്ചതിലാണ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാജേഷിന്റെ പ്രതികരണം. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ കാലത്ത്‌ പൊലീസ്‌ കുറ്റമറ്റ അന്വേഷണം നടത്തി തെളിവുകൾ സഹിതം കോടതിയിൽ സമർപ്പിച്ചു. അതിനാൽ പ്രതിക്ക്‌ കടുത്തശിക്ഷ കോടതി നൽകി. ഭരണമാറ്റമുണ്ടായി യുഡിഎഫ്‌ സർക്കാർ അധികാരമേറ്റ്‌ മാസങ്ങൾക്കുള്ളിലാണ്‌ ആർഎസ്‌എസ്‌ നേതാവായ പ്രതിക്ക്‌ പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെ ജാമ്യം ലഭിച്ചിരിക്കുന്നതെന്നും കെ കെ രാ​ഗേഷ് കുറ്റപ്പെടുത്തി.

ആർഎസ്‌എസ്‌ നയം പിന്തുടരുന്ന സർക്കാരിൻ്റെ ഇടപെടലില്ലാതെ പ്രോസിക്യൂഷൻ ഇത്രയും പ്രമാദമായ ഒരു കേസിനെ ലാഘവ ബുദ്ധിയോടെ സമീപിക്കില്ലെന്നും കെ കെ രാ​ഗേഷ് ആരോപിച്ചു. പ്രതിക്ക്‌ ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തിന്റെ ഉത്തരവാദിത്തിൽനിന്ന്‌ മുഖ്യമന്ത്രിക്കും സർക്കാറിനും ഒഴിഞ്ഞുമാറാനാകില്ല. മുസ്‌ലിം ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും ഇക്കാര്യത്തിൽ എന്ത്‌ മറുപടിയാണ്‌ പറയാനുള്ളതെന്നും കെ കെ രാഗേഷ് ചോദിച്ചു.

പാലത്തായി പോക്സോ കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. പത്മരാജന് ഹൈക്കോടതി ജാമ്യവും നൽകി. ഇരയായ കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യമെന്ന നിരീക്ഷണത്തോടെയായിരുന്നു ഹൈക്കോടതി പത്മരാജന് ജാമ്യം നൽകിയത്. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരെ പ്രതി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങളും അതിശയോക്തിപരമായ വിശദീകരണങ്ങളും ഉണ്ടെന്ന് കോടതി പ്രാഥമികമായി നിരീക്ഷിച്ചിരുന്നു. സ്കൂളിലെ ക്ലാസ് മുറികൾക്ക് വളരെ അടുത്തുള്ളതും ഇടുങ്ങിയതുമായ സ്ഥലത്താണ് ശുചിമുറി സ്ഥിതി ചെയ്യുന്നത്. മറ്റു കുട്ടികളോ അധ്യാപകരോ അറിയാതെ പലതവണ ഇത്തരം സംഭവം നടന്നു എന്നത് സംശയമുണർത്തുന്നുവെന്ന പ്രതിഭാ​ഗത്തിൻ്റെ വാദം ഡിവിഷൻ ബെഞ്ച് പരിഗണിച്ചു.കുട്ടിയെ ആദ്യം പരിശോധിച്ച ഡോക്ടർ പീഡനം നടന്നതായി രേഖപ്പെടുത്തിയിരുന്നില്ല. പിന്നീട് പരിശോധിച്ച ഡോക്ടർ കണ്ടെത്തിയ പരിക്കുകൾ ഫംഗൽ ഇൻഫെക്ഷൻ മൂലമുള്ള ചൊറിച്ചിൽ കൊണ്ടും സംഭവിക്കാമെന്ന് മൊഴി നൽകിയിട്ടുണ്ടെന്നതും കോടതി പരി​ഗണിച്ചു. മൂന്ന് വ്യത്യസ്ത അന്വേഷണ സംഘങ്ങൾ നടത്തിയ അന്വേഷണങ്ങളിൽ പരസ്പരവിരുദ്ധമായ നിഗമനങ്ങളിലാണ് എത്തിച്ചേർന്നതെന്നതും കോടതി വിലയിരുത്തി. വിചാരണ കോടതിയുടെ ശിക്ഷാ വിധിയിൽ പ്രാഥമികമായി ചില പിഴവുകൾ കാണുന്നുണ്ടെന്നും അപ്പീലിൽ വാദിക്കാൻ പ്രതിക്ക് വ്യക്തമായ കാരണങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

2020ൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് അധ്യാപകനായ പത്മരാജൻ മൂന്ന്‌ തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഈ കേസിലായിരുന്നു തലശ്ശേരി കോടതി പത്മരാജന് ശിക്ഷവിധിച്ചത്. ബിജെപി നേതാവ് കൂടിയായിരുന്ന പത്മരാജൻ പ്രതിയായ പോക്സോ കേസ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button