മന്ത്രിമാരുടെ നായകൾക്ക് ഇതിനെക്കാൾ വലിയ സൗകര്യങ്ങളുണ്ട്’; ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ; മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി

.
മുംബൈ: സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥയിൽ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവെയ്ക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) കൺവീനർ അഭിജീത് ദീപ്കെ. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ പഠനം നടത്താൻ വിദ്യാർഥികൾ നിർബന്ധിതരായിരിക്കുകയാണ്. നല്ല ക്ലാസ്മുറികളോ ബെഞ്ചുകളോ ശുചിമുറികളോ സ്കൂളുകളിൽ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. ലാത്തൂരിലെ ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശിച്ചതിന് പിന്നാലെയാണ് സിജെപി കൺവീനർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്സിജെപി കഴിഞ്ഞയാഴ്ച ആരംഭിച്ച സ്കൂൾ തീക് കരോ പ്രചാരണത്തിന്റെ ഭാഗമായാണ് അഭിജീത് ദീപ്കെ സർക്കാർ സ്കൂളുകൾ സന്ദർശിച്ചത്. നിരവധി സ്കൂളുകൾ ഇപ്പോഴും നല്ല ക്ലാസ്മുറികൾ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ചില സ്കൂളുകളിൽ മൃഗങ്ങളെക്കാൾ മോശമായരീതിയിലാണ് വിദ്യാർഥികളെ പരിഗണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ സ്കൂളുകളുടെ ഈ അവസ്ഥയ്ക്ക് ജനപ്രതിനിധികളും മന്ത്രിമാരും ഉത്തരവാദികളാണെന്നും ദീപ്കെ പറഞ്ഞു.
രാഷ്ട്രീയ നേതാക്കൾ വിദ്യാർഥികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കിൽ എന്തിനാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്യുന്നത്? അവർക്ക് ഹെലികോപ്റ്ററുകളിൽ യാത്ര ചെയ്യാൻ വേണ്ടി മാത്രമാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്? തങ്ങളുടെ കുട്ടികൾ ഏത് അവസ്ഥയിലാണ് പഠിക്കുന്നതെന്ന് ജനങ്ങൾ കാണണം. ഈ മന്ത്രിമാരുടെ വളർത്തുനായകൾക്ക് ഇതിനെക്കാൾ വലിയ സൗകര്യങ്ങളുണ്ടെന്നും അഭിജീത് ദീപ്കെ പറഞ്ഞു. സ്കൂളുകളെ സ്ഥിതി മനസിലാകണമെങ്കിൽ എംഎൽഎമാരും മന്ത്രിമാരും അവരുടെ മക്കളെ സർക്കാർ സ്കൂളിലേക്ക് അയക്കണമെന്നും വിദ്യാഭ്യാസ മന്ത്രിക്ക് ആ പദവിയിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു




