Uncategorized

‘ഇടതുപക്ഷ രാഷ്ട്രീയം വേറെ, ബിസിനസ് വേറെ’; CMRL-എക്‌സാലോജിക് ഇടപാടിലെ ഇ ഡി റെയ്ഡില്‍ സിപിഐ

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാട് കേസിലെ ഇ ഡി റെയ്ഡില്‍ സിപിഐഎം രാഷ്ട്രീയ പ്രതിരോധം തീര്‍ക്കവെ കയ്യൊഴിഞ്ഞ് സിപിഐ. രാഷ്ട്രീയവും ബിസിനസും വേറെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

‘ഇതിലൊന്നും സിപിഐ കക്ഷിയേ അല്ല. ഇത്തരം കൊടുക്കല്‍ വാങ്ങലുകളില്‍ ഒരു പങ്കും സിപിഐക്കില്ല. ഉണ്ടാവുകയുമില്ല. സിപിഐക്ക് ഒന്നും പറയാനില്ല. ഇടതുപക്ഷ രാഷ്ട്രീയം വേറെ. ബിസിനസ് വേറെ’, എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയം വേറെ ബിസിനസ് വേറെയെന്ന് ബിനോയ് വിശ്വം ആവര്‍ത്തിച്ചു.

അതേസമയം ഇ ഡി റെയ്ഡില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തിനൊരുങ്ങുകയാണ് സിപിഐഎം. 23ന് കോഴിക്കോട് മുതലക്കുളത്ത് രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുക്കും. ഇന്നലെ ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം, വിഷയം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് രാഷ്ട്രീയമായി വിഷയത്തെ നേരിടാനും അണികളോട് വിശദീകരിക്കാനുമുള്ള തീരുമാനം.

സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ഇ ഡി നീക്കം. ദുബായിലേക്ക് 85 ലക്ഷം കൈമാറിയതില്‍ ഫെമ കേസ് രജിസ്റ്റര്‍ ചെയ്യും. വിദേശ പണമിടപാടുകളിലെ ചോദ്യം ചെയ്യലിന് വീണയ്ക്ക് ഉടന്‍ സമന്‍സ് നല്‍കും. വീണ, ഇന്റര്‍നെറ്റ് കോളുകള്‍ ചെയ്യാന്‍ ഉപയോഗിച്ച സിം കാര്‍ഡ് മുഹമ്മദ് റിയാസിന്റെ സുഹൃത്തായ ഡിവൈഎഫ്‌ഐ നേതാവ് നന്ദു ലാല്‍ എടുത്ത് നല്‍കിയതാണെന്നും കണ്ടെത്തി. അതിനിടെ മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും ഇ ഡി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button