MRL-എക്‌സാലോജിക് കേസ്: റെയ്ഡ് വീണയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങള്‍ കേന്ദ്രീകരിച്ച്

കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് അന്വേഷണം ഊര്‍ജിതമാക്കി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. വീണ ടിയും മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇന്ന് പരിശോധന നടന്നത്. റിയാസിന്റെ സുഹൃത്തയായ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി നിഖിലിന്റെ ഫ്‌ലാറ്റിലും വീട്ടിലും അടക്കം കോഴിക്കോട്ടെ എട്ടിടങ്ങളിലായിരുന്നു ഇന്ന് റെയ്ഡ് നടന്നത്.
നേരത്തെ വീണയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ നിന്നും സാമ്പത്തിക ഇടപാടുകളുടെ ചില വിവരങ്ങള്‍ ഇ ഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. മെയ് 27ന് വീണ ടി യുടെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇ ഡി ഒരു ഡയറി പിടിച്ചെടുത്തിരുന്നു. നിഖില്‍, നന്ദുലാല്‍, ഷൈജല്‍, ഫൈജാസ് അടക്കം ഏഴ് പേരുടെ പേരുകളാണ് ഡയറിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്ന് മനസിലാക്കിയതോടെയാണ് വീണയും റിയാസിന്റെ സുഹൃത്തുക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ പരിശോധനകളിലേക്ക് അന്വേഷണസംഘം നടന്നത്.




