ശരണ്യ സൂപ്പറാ…’, ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ

ഇടുക്കി: ജന്മനാട്ടിൽ ആദ്യ നിയമനം കിട്ടിയതിൻറെ സന്തോഷത്തിലാണ് ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ഇടുക്കിയിലെ ആദ്യത്തെ ഡോക്ടറായ ശരണ്യ മോഹനൻ. ഇടുക്കി കണ്ണംപടി ആദിവാസി ഉന്നതിയിലാണ് ശരണ്യയുടെ വീട്. ഇതിനടുത്തുള്ള ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ശരണ്യക്ക് ജോലി കിട്ടിയത്. ഇടുക്കി വന്യജീവി സങ്കേതത്തിൽപെട്ട കണ്ണംപടി വനമേഖലയിലെ പുന്നപാറ ഉന്നതിയിൽ കണ്ടത്തിൻകര കെ.എൻ. മോഹനൻറെയും മിനിമോളുടെയും ഏകമകളാണ് ശരണ്യ. ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റൻറ് സർജനായാണ് ശരണ്യ ജോലിയിൽ പ്രവേശിച്ചത്. അഞ്ചാം ക്ലാസ് വരെ സ്വരാജ് സയൺ പബ്ലിക് സ്കൂളിലാണ് പഠിച്ചത്. പ്ലസ്സു വരെ കുളമാവ് നവോദയ വിദ്യാലയത്തിൽ. പ്ലസ്തുവിന് 88 ശതമാനം മാർക്കു വാങ്ങി ജയിച്ചു. ചെറുപ്പം മുതൽ ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. 2019 ൽ ആദിവാസി വിഭാഗത്തിലെ 23ാം റാങ്ക് നേടിയാണ് ശരണ്യ എംബിബിഎസിന് പ്രവേശനം നേടിയത്. ഫസ്റ്റ് ക്ലാസോടെ എംബിബിഎസ് പാസ്സായി. പി എസ് സി റാങ്ക് ലി സ്റ്റിൽ ഇടം പിടിച്ച ശരണ്യയ്ക്ക് ഒടുവിൽ ജന്മനാട്ടിലെ സർക്കാർ ആശുപത്രിയിൽ തന്നെ നിയമനം ലഭിച്ചു




