സിജെപി പ്രക്ഷോഭം: പൊലീസിന്റെ പെല്ലറ്റ് വെടിയേറ്റ 19-കാരന്റെ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യത; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി ജൂലൈ 20ന് പാർലമെൻ്റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസിന്റെ പെല്ലറ്റ് തോക്കിൽ നിന്നുള്ള വെടിയേറ്റ 19-കാരനായ പ്രക്ഷോഭകന് വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാൻ സാധ്യതയെന്ന് കുടുംബം. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ്ഗഡ് സ്വദേശിയായ സാഹിൽ ലോചാബ് എന്ന വിദ്യാർഥിക്കാണ് കണ്ണിന് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച എയിംസ് ജയ് പ്രകാശ് നാരായൺ അപെക് ട്രോമ സെന്ററിൽ വച്ച് കണ്ണിനുള്ളിലെ പെല്ലറ്റുകൾ പുറത്തെടുക്കാൻ സാഹിലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാൽ കണ്ണിന്റെ കൃഷ്ണണമണി തകർന്നതിനാൽ കാഴ്ചശക്തി തിരിച്ചുകിട്ടാൻ ഒരു ശതമാനം മാത്രം സാധ്യത മാത്രമേയുള്ളൂവെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളതെന്ന് കുടുംബം പറഞ്ഞു.
ഡൽഹി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിലെ വിദ്യാർഥിയാണ് സാഹിൽ. ഭാവിയിൽ ഒരു പൊലീസ് ഓഫീസറാകണമെന്ന വലിയ ആഗ്രഹത്തോടെ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകൾക്കായി പഠിക്കുകയായിരുന്നു അവൻ. “നേരത്തെയും സിജെപി പ്രക്ഷോഭങ്ങളിൽ സാഹിൽ പങ്കെടുത്തിട്ടുണ്ട്. തിങ്കളാഴ്ച പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പ്രധാന സമരമാണെന്നും ഇതിൽ പങ്കെടുക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് അവൻ വീട്ടിൽ നിന്നിറങ്ങിയത്. എപ്പോഴും ഒരു പോലീസ് ഓഫീസറാകണമെന്നതായിരുന്നു അവന്റെ ആഗ്രഹം”- സാഹിലിൻ്റെ അമ്മ ജ്യോതി കണ്ണീരോടെ ഓർത്തെടുത്തു.
സാഹിലിന് ഉടൻ തന്നെ രണ്ടാമതൊരു ശസ്ത്രക്രിയ കൂടി നടത്തേണ്ടി വരുമെന്നും അവൻ ഇപ്പോഴും കഠിനമായ വേദനയിലാണെന്നും കാഴ്ച പൂർണമായും വ്യക്തമായിട്ടില്ലെന്നും ബാല്യകാല സുഹൃത്തായ പർവേശ് വ്യക്തമാക്കി. ഡൽഹി പൊലീസ് പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന വാർത്തകൾ നിഷേധിച്ചിരുന്നെങ്കിലും, സാഹിലിനേറ്റ മുറിവുകൾ ലോഹ പെല്ലറ്റുകൾ മൂലമുണ്ടായതാണെന്ന് ഡോക്ടർമാരും കുടുംബവും സ്ഥിരീകരിച്ചു. ആദ്യമായാണ് ഡൽഹിയിൽ സാധാരണക്കാർക്ക് നേരെ സുരക്ഷാസേന പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നത്
സാഹിലിനെക്കൂടാതെ ശൈഖ് ഇർഷാദ് മൻസൂരി എന്ന മറ്റൊരു പ്രക്ഷോഭകനും കണ്ണിനു താഴെ പെല്ലറ്റേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. കേന്ദ്ര റിസർവ് പോലീസ് ഫോഴ്സിന് കീഴിലുള്ള കലാപവിരുദ്ധ സേനയായ ‘റാപ്പിഡ് ആക്ഷൻ ഫോഴ്സ്’ ആണ് ഡൽഹി പൊലീസിന് സഹായമായി ജന്ദർ മന്ദറിൽ വിന്യസിക്കപ്പെട്ടിരുന്നത്. പെല്ലറ്റ് തോക്കുകളും ഷോക്ക്-ബാറ്റണുകളും ആർഎഎഫിന്റെ ഔദ്യോഗിക ആയുധശേഖരത്തിലുള്ളതാണ്. പ്രതിഷേധത്തിനിടെ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്ന 21-കാരി സാക്ഷി ചികിത്സയോട് പ്രതികരിച്ചതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തിൽ നിന്ന് മാറ്റിയതായി റാം മനോഹർ ലോഹ്യ ആശുപത്രി അധികൃതർ ബുധനാഴ്ച അറിയിച്ചു. സാക്ഷി ഇപ്പോൾ സ്വയം ശ്വാസമെടുക്കുന്നുണ്ടെന്നും അവബോധാവസ്ഥയിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.




