യൂട്യൂബർ രാജൻ ജോസഫിനെയും കസ്റ്റഡിയിലെടുത്ത പൊലീസുകാരേയും മർദ്ദിക്കാന്‍ ശ്രമം; 20 പേർക്കെതിരെ കേസ്

പത്തനംതിട്ട: സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത യൂട്യൂബര്‍ രാജന്‍ ജോസഫിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്ന് പരാതി. തടയാന്‍ ശ്രമിച്ച പൊലീസുകാരനും പരിക്കേറ്റു. പത്തനംതിട്ട അടൂര്‍ റവന്യൂ ടവറിന് സമീപം പൊലീസ് വാഹനം തടഞ്ഞ് മര്‍ദ്ദിക്കാനായിരുന്നു ശ്രമം. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ അടൂര്‍ പൊലീസ് കേസെടുത്തു. പൊലീസുകാരനെ മര്‍ദ്ദിച്ചതിനാണ് കേസ് എടുത്തത്.ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നാണ് അടൂര്‍ പൊലീസ് രാജന്‍ ജോസഫിനെ കസ്റ്റഡിയിലെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാതിക്കാരിയുടെ നിലപാടിനെതിരെയാണ് രാജന്‍ ജോസഫ് വീഡിയോ പ്രചരിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത രാജന്‍ ജോസഫിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.




