മദ്യപിച്ച ശേഷം സുഹൃത്തുക്കൾ തമ്മിലടിച്ചു, ഒരാൾക്ക് വെട്ടേറ്റു; സുഹൃത്ത് പൊലീസ് പിടിയിൽ
തിരുവനന്തപുരം: ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കൾ തമ്മിലടിച്ചു. പിന്നാലെ യുവാവിന് വെട്ടേറ്റു. പോത്തൻകോട് കൊയ്ത്തൂർക്കോണം ബിഎസ് ഭവനിൽ ഇരുപത്തെട്ടുകാരനായ ശരത് (28) നാണ് ഇന്നലെ പുലർച്ച വെട്ടേറ്റത്. ഇടത് ഉപ്പൂറ്റിയിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശരത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സുഹൃത്ത് അണ്ടൂർക്കോണം സ്വദേശി വിപിനെ പോത്തൻകോഡ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ശരത് പോത്തൻകോട് പൊലിസിന് നൽകിയ മൊഴി പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യപാനത്തിനിടെ ഭാര്യയുമായുണ്ടായ തർക്കങ്ങളുടെ കാര്യം പറയുകയും വിപിന്റെ ഭാര്യയുമായി ശരത്തിന് ബന്ധമുണ്ടെന്നാരോപിച്ചാണ് വെട്ടിപ്പരിക്കേൽപ്പിച്ചതെന്നും പൊലീസ് പറയുന്നു. രണ്ടുപേരും പോത്തൻകോട് സ്റ്റേഷനിൽ വിവിധ കേസുകളിൽ പ്രതികളായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.